Skip to main content

ശ്രീക്കുട്ടിയുടെ സ്വപ്‌നവീട് അമ്മമാരുടെ ശ്രമദാനം ലൈഫ് മിഷന്റെ ആദ്യ കുടുംബശ്രീ വീട്

ആലപ്പുഴ: കേരളത്തിൽ ആദ്യമായി ലൈഫ് മിഷന് വേണ്ടി കുടുംബശ്രീ വനിതകൾ വീട് പണിയുന്നു. വീടിന്റെ അടിത്തറ മുതൽ മേൽക്കൂര വരെ എല്ലാ പണികളും ഒറ്റയ്ക്ക് ചെയ്ത് ഒരു നാടിനെ മുഴുവൻ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഹരിപ്പാട് ബ്ലോക്കിലെ പള്ളിപ്പാട് പഞ്ചായത്തിലെ ഒരു കൂട്ടം കുടുംബശ്രീ പ്രവർത്തകർ. തൊഴിലുറപ്പ് തൊഴിലാളികളായ പള്ളിപ്പാട് കോളാച്ചിറ രമേശന്റേയും ഭാര്യ ഷീജമ്മയുടേയും മകൾ രണ്ടാം ക്ലാസുകാരി ശ്രീക്കുട്ടിക്കാണ് കുടുംബശ്രീ ചേച്ചിമാർ ചേർന്ന് സൗജന്യമായി വീട് പണിതുനൽകുന്നത്. ശ്രീക്കുട്ടിക്കൊരു സ്വപ്നവീട് എന്നാണ്  വീട് നിർമാണത്തിനിട്ടിരിക്കുന്ന പേര്. 

വീട് പണിക്കുള്ള ചാന്ത് കൂട്ടാനും  സിമന്റുപയോഗിച്ച് മേൽക്കൂര തേക്കാനും  തുടങ്ങി ഒരു കുഞ്ഞുവീടിന്റെ 80 ശതമാനം വരെ പണികൾ ഈ 32 വനിതകൾ ഒറ്റയ്ക്ക് ചെയ്തു തീർത്തു. പെണ്ണുങ്ങൾ വീടു പണിതാൽ ഇടിഞ്ഞുവീഴുമെന്ന് പറഞ്ഞുകളിയാക്കിയവർ പോലും ഇപ്പോൾ ഈ വീട് കാണാൻ വരുന്നു. 32 വനിതകൾ ഒറ്റയ്ക്ക് പണിത വീട് കണ്ട് അവർ സന്തോഷവും കൗതുകവും പങ്കിടുന്നു.   

പുരുഷന്മാർ മാത്രം കയ്യടക്കി വച്ചിരുന്ന നിർമാണ മേഖലയിൽ കൈതെളിയിച്ച സന്തോഷം ഈ വനിത മേസ്തരിമാരുടെ മുഖത്തുണ്ട്.ദിവസവും രാവിലെ ഒമ്പതുമുതൽ ആറുവരെ പണിയെടുത്ത് വെറും 24 ദിവസത്തിനകം ഒരു വീട് പൂർണമായും ഇവർ പണിതുകഴിഞ്ഞു. കുടുംബശ്രീ ഏർപ്പാടാക്കിയ അധ്യാപകൻ സി.മനോജാണ്  നിർമാണ പ്രവർത്തനങ്ങളിൽ സഹായിക്കാനുള്ള ഒരേയൊരു പുരുഷൻ.

ആലപ്പുഴയിൽ 2016ലാണ് കുടുംബശ്രീ പ്രവർത്തകരായ വനിതകൾക്ക് വീട് നിർമാണത്തിൽ പരിശീലനം നൽകിത്തുടങ്ങിയത്. അഞ്ച് യൂണിറ്റിനാണ് അന്ന് പരിശീലനം നൽകിയത്. കഞ്ഞിക്കുഴിയിൽ രണ്ടും പുന്നപ്ര വടക്ക്,  പഞ്ചായത്ത്, പത്തിയൂർ, മാന്നാർ എന്നിവടങ്ങളിൽ  ഓരോ യൂണിറ്റിനും പരിശീലനം നൽകി. പരിശീലനത്തിന്റെ ഭാഗമായി ശൗചാലയങ്ങൾ, നിർമാണത്തിലിരിക്കുന്ന വീടിന്റെ ഏതെങ്കിലും ഒരു  ഭാഗം, പട്ടിക്കൂട് തുടങ്ങിയവയായിരുന്നു സ്ത്രീകൾക്ക്  അന്ന് സ്വന്തമായി ചെയ്യാൻ കിട്ടിയിരുന്നത്. 

ഇതാദ്യമായി  ഒറ്റയ്ക്ക് ഒരു വീട് നിർമിക്കുന്നതിന്റെ എല്ലാ സന്തോഷവും  അഭിമാനവും ഷീജാമ്മയ്ക്കായി വീട് നിർമിക്കുന്ന വനിത മേസ്തരിമാരായ സി.ലതയ്ക്കും ബി.മഞ്ജവിനും തുടങ്ങി എല്ലാ നിർമാണത്തൊഴിലാളികൾക്കുമുണ്ട്. നിർമാണ പ്രവർത്തനങ്ങളിൽ 53ദിവസത്തെ പരിശീലനമാണ് ഓരോ വനിതകൾക്കും ലഭിച്ചിരിക്കുക. ശ്രീക്കുട്ടിക്ക് വീടുപണിയുന്നത് പരിശീലനത്തിന്റെ ഭാഗാമായിട്ടാണെന്ന് അവർ പറയുന്നു.   പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 14,310 രൂപ വീതം നൽകും. 

കേരളത്തിൽ നിർമാണ രംഗത്ത് കുടുംബശ്രീ നൽകുന്ന പരിശീലനത്തോടൊപ്പം വീട് നിർമിക്കാനുള്ള പരിശീലനവും ഇനിമുതൽ കേരള സർക്കാരിന്റെ നയമായി മാറുമെന്ന് കുടുംബശ്രീ എ.ഡി.എം.സി പി. സുനിൽ പറയുന്നു. പള്ളിപ്പാട് മാതൃകയിൽ   15 വീട് പണിയാനുള്ള അനുമതി ഇതിനകം വനിത മേസ്തരിമാർക്ക്   ലഭിച്ചിട്ടുണ്ട്. ഫാക്കൽടി അംഗം ജലജകുമാരി , പഞ്ചായത്ത് ചെയർപേഴ്സൺ ബിന്ദു കൃഷ്ണകുമാർ,ഡി.പി.എം അന്ന ടീനു ടോം  തുടങ്ങിയവരാണ് മുഴുവൻ സമയ സഹായവുമായി   മേസ്തരിമാർക്ക് ഊർജ്ജം പകരുന്നത്.

 

(പി.എൻ.എ. 1248/2018)

date