Skip to main content

മെഡിക്കൽ കോളേജിൽ ആശ്വാസ് വാടക വീട്, ശിലാസ്ഥാപനം നിർവഹിച്ചു

സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ പരിപാടികളുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നിർമിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കൽ കോളേജ് അലുമിനി രജതം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. മന്ത്രി കെ രാധാകൃഷ്ണൻ, ഇ ടി ടൈസൻ മാസ്റ്റർ എം എൽ എ എന്നിവർ ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു. 

സംസ്ഥാന സർക്കാർ പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും റീസർവേ ഡിജിറ്റലായി പൂർത്തീകരിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സർക്കാർ ഭൂമി തിരിച്ചുപിടിക്കും. തൃശൂർ മെഡിക്കൽ കോളേജ് അക്കാദമിക - ചികിത്സാ രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നതായും മന്ത്രി പറഞ്ഞു. 

4 കോടി ചെലവിലാണ് സര്‍ക്കാര്‍  ആശ്വാസ് വാടക വീട് നിർമാണ പദ്ധതി നടപ്പിലാക്കുന്നത്.  മെഡിക്കല്‍ കോളേജിന് സമീപം വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും പദ്ധതി ഗുണം ചെയ്യും. 

ആശ്വാസ് വീടുകളിൽ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ വാടകയ്ക്ക് സൗകര്യം ഒരുക്കാനാകും. മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകാതെ പരിശോധനകള്‍ക്കും മറ്റുമായി കൂടുതല്‍ ദിവസം തങ്ങേണ്ടി വരുന്ന രോഗികള്‍ക്ക് പദ്ധതി സഹായകരമാണ്. ഭീമമായ ചെലവ് കാരണം സാധാരണക്കാര്‍ക്ക്പുറത്ത് റൂമെടുക്കുന്നതിനോ താമസിക്കുന്നതിനോ പലപ്പോഴും സാധിക്കാറില്ല. ഇതിനും പരിഹാരമാവുകയാണ് ആശ്വാസ് ഭവന പദ്ധതി.

ഒറ്റ ബ്ലോക്കില്‍ 2 നിലകളിലായി പണിയുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ 12 ബാത്ത് അറ്റാച്ച്ഡ് സിംഗിള്‍ ബെഡ് റൂമുകളും 24 കിടക്കകളുള്ള ഒരു ഡോര്‍മിറ്ററിയും ഉണ്ടാകും. 75 കിടക്കകള്‍ക്കുള്ള സൗകര്യവുമുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിനാണ് നിര്‍മാണ ചുമതല.

ഹൗസിംഗ് കമ്മീഷ്ണർ ദേവിദാസ് എൻ സ്വാഗതവും ഗവമെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പ്രതാപ് സോമനാഥ് നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, മെഡിക്കൽ കോളേജ് ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

date