Skip to main content

എന്‍എംസി സന്ദര്‍ശനം: അംഗീകാരത്തിനായുള്ള മുന്നൊരുക്കത്തില്‍ ഇടുക്കി മെഡിക്കല്‍ കോളേജ്

 

നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി അംഗീകാരത്തിനായുള്ള മുന്നൊരുക്കത്തില്‍ ഇടുക്കി മെഡിക്കല്‍ കോളേജ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിലയിരുത്തി. 

   എന്‍എംസിയുടെ അംഗീകാരത്തിനായി സെപ്റ്റംബര്‍ 26 ന് മുന്‍പാകെ ഓണ്‍ലൈനായി അപേക്ഷിക്കണം. അതിനായുള്ള എസ്സെന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാരിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ അംഗീകാരം ലഭിക്കാതെ പോയ കാര്യങ്ങള്‍ എല്ലാം ഇത്തവണ പരിഹരിച്ചിട്ടുണ്ട്. 50 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു അന്ന് സൗകര്യം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാരിന്റെ പുതിയ നിബന്ധന പ്രകാരം 100 വിദ്യാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന് വേണ്ട കാര്യങ്ങളാണ് ചെയ്യേണ്ടത്. ഓരോ വിഭാഗത്തിലും അടിസ്ഥാന സൗകര്യങ്ങളില്‍ കുറവുള്ളത്  നികത്തണം. കെട്ടിടങ്ങളുടെ പണികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം. ലാബ് സൗകര്യങ്ങള്‍ക്കായുള്ള അക്കാദമിക് കെട്ടിടത്തില്‍ കോവിഡ് - സിഎഫ്എല്‍ടിസി യാണ് നിലവിലുള്ളത്. ഇത് മറ്റേതെങ്കിലും ഒരു കെട്ടിടത്തിലേക്ക് മാറ്റി അവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കി ലാബിന്റെ പ്രവര്‍ത്തനത്തിന് സ്ഥലം സജ്ജമാക്കും. വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ മറ്റു ജില്ലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ തിരിച്ചു വിളിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ജീവനക്കാരുടെ കുറവ് നികത്തും. ഐപി ബ്ലോക്കിന്റെ ഉദ്ഘാടനം വേഗത്തില്‍ നടത്തി കോവിഡേതര കിടത്തി ചികിത്സയ്ക്കും ഉടന്‍ നടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. ഇതിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. 

യോഗത്തില്‍ എംഎം മണി എംഎല്‍എ, എഡിഎം ഷൈജു പി ജേക്കബ്, ഡിഎംഒ ഡോ പ്രിയ എന്‍, ഡിപിഎം ഡോ. സുജിത് സുകുമാരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, മെഡിക്കല്‍ കോളേജ് എച്ച്എംസി മെമ്പര്‍ സി.വി വര്‍ഗീസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ നിഷ ആര്‍. എസ്, ആര്‍എംഒ ഡോ. അരുണ്‍ എസ്, ഡോ. ദീപേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.

date