Skip to main content

പട്ടയമേള: ഇന്ന് ജില്ലയില്‍ വിതരണം ചെയ്യുന്നത് 1034 പട്ടയങ്ങള്‍   സ്പീക്കര്‍ എം.ബി. രാജേഷും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുക്കും

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് ഇന്ന്(സെപ്തംബര്‍ 14) രാവിലെ 11.30 ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന  സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ 1034 പട്ടയങ്ങള്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിതരണം ചെയ്യും. സ്പീക്കര്‍ എം.ബി.രാജേഷ് മുഖ്യാതിഥിയാകും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം.പി.മാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ പങ്കെടുക്കും. ഇന്ന് ജില്ലയില്‍ താലൂക്ക് തലത്തിലും പട്ടയ വിതരണം നടക്കും. ബന്ധപ്പെട്ട എം.എല്‍.എമാര്‍ പങ്കെടുക്കും. സംസ്ഥാന തല പരിപാടിയില്‍ റവന്യൂ, ഭവന, നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷനാകും.

ഒരേക്കര്‍ ഭൂമി ഇല്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ തികച്ചാക്കി ഭൂമി നല്‍കുന്ന കെ.എസ്.ടി (കേരള പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുന:രവകാശ സ്ഥാപനവും) പട്ടയ ഇനത്തില്‍ 133, ഭൂമി പതിവ്, ലക്ഷം വീട്, നാല് സെന്റ് പട്ടയ ഇനത്തിലായി 117, ലാന്റ് ട്രിബ്യൂണല്‍ പട്ടയ ഇനത്തില്‍ 784 എന്നിങ്ങനെയാണ് വിതരണം ചെയ്യുക.

താലൂക്ക് അടിസ്ഥാനത്തില്‍ നല്‍കുന്ന പട്ടയങ്ങളുടെ വിവരങ്ങള്‍

പാലക്കാട് - കെ.എസ്.ടി പട്ടയം 89

ചിറ്റൂര്‍ - കെ.എസ്.ടി പട്ടയം 18

ആലത്തൂര്‍ - ഭൂമി പതിവ് / നാല് സെന്റ്/  ലക്ഷം വീട് പട്ടയം - എട്ട്

മണ്ണാര്‍ക്കാട് - ഭൂമി പതിവ് / നാല് സെന്റ്/  ലക്ഷം വീട് പട്ടയം 15, കെ.എസ്.ടി പട്ടയം 26

ഒറ്റപ്പാലം - ഭൂമി പതിവ് / നാല് സെന്റ്/  ലക്ഷം വീട് പട്ടയം 41

പട്ടാമ്പി -  ഭൂമി പതിവ് / നാല് സെന്റ്/  ലക്ഷം വീട് പട്ടയം - 53

ഇത്തരത്തില്‍ ആകെ 250 പട്ടയങ്ങള്‍ വിതരണം ചെയ്യും.

ജില്ലയിലെ മൂന്ന് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍, അഞ്ച് നവീകരിച്ച ലാബുകള്‍ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി കിഫ്ബി, പ്ലാന്‍, മറ്റു ഫണ്ടുകള്‍ പ്രയോജനപ്പെടുത്തി പുതുതായി ജില്ലയില്‍ നിര്‍മ്മിച്ച മൂന്ന് സ്‌കൂളുകളുടെയും നവീകരിച്ച അഞ്ച് ലാബുകളുടെയും ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 14) വൈകിട്ട് 3:30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ഇതോടൊപ്പം രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടക്കും.

ജില്ലയിലെ ഉള്‍പ്പെടെ സംസ്ഥാനത്തെ 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍ സെക്കന്‍ഡറി ലാബുകള്‍, 3 ഹയര്‍ സെക്കന്‍ഡറി ലബോറട്ടറികളുടെ ഉദ്ഘാടനവും 107 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാവും. ധനകാര്യ മന്ത്രി കെ.എന്‍ ഗോപാല്‍ മുഖ്യാതിഥിയാകും.

കിഫ്ബിയില്‍ നിന്നുള്ള അഞ്ച് കോടിയില്‍ നിര്‍മ്മിച്ച  ജി.വി.എച്ച്.എസ്.എസ് അലനല്ലൂര്‍, ജി.വി.എച്ച്.എസ്.എസ് പത്തിരിപ്പാല, കിഫ്ബിയുടെ മൂന്നു കോടി ധനസഹായത്തില്‍ പൂര്‍ത്തീകരിച്ച  ജി.വി.എച്ച്.എസ്.എസ് കൊപ്പം എന്നീ സ്‌കൂളുകളുടേയും ജി.എച്ച്.എസ്.എസ് ബിഗ് ബസാര്‍, ജി.വി.എച്ച്.എസ്.എസ് മലമ്പുഴ, ജി.എച്ച്.എസ്.എസ് മുതലമട, ജി.എച്ച്.എസ്.എസ് കിഴക്കഞ്ചേരി, ജി.എച്ച്.എസ്.എസ് തേങ്കുറിശ്ശി എന്നീ സ്‌കൂളുകളിലെ നവീകരിച്ച ലാബുകളുടേയും ഉദ്ഘാടനമാണ് ജില്ലയില്‍ നടക്കുന്നത്. കൂടാതെ  ജി.എച്ച്.എസ്.എ,സ് പട്ടഞ്ചേരി, ജി.യു.പി.എസ് പുത്തൂര്‍ സ്‌കൂളുകളുടെ ശിലാസ്ഥാപനവും നടക്കും.

ജില്ലയിലെ പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date