Skip to main content

ജില്ലയിൽ പട്ടയരേഖ കൈപ്പറ്റിയത് 530 കുടുംബങ്ങൾ

 

 

എറണാകുളം ജില്ലയിൽ 530 കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശികളായി. ഏഴ് താലൂക്കുകളിലായി പട്ടയമേളകളിൽ ഇവർക്കുള്ള അവകാശ രേഖ കൈമാറി.  സര്‍ക്കാരിൻ്റെ നൂറു ദിന കര്‍മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പട്ടയ വിതരണം

 

പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് ഓൺലൈനായി നിർവഹിച്ചു. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ടി.ജെ.വിനോദ് എം എൽ എ അധ്യക്ഷനായി. തുടർന്ന് ജനപ്രതിനിധികൾ നിലവിളക്ക് തെളിയിച്ചു.

 

കാക്കനാട് കണ്ണംകേരി കൗസല്യ ചോതിക്ക് ടി.ജെ.വിനോദ് എം എൽ എ ആദ്യ പട്ടയം കൈമാറി. കണയന്നൂർ താലൂക്കിലെ 20 ഗുണഭോക്താക്കൾക്ക് വേദിയിൽ പട്ടയങ്ങൾ  കൈമാറി. 

 

ആലുവ താലൂക്കിൽ നടന്ന പട്ടയമേള ബെന്നി ബഹന്നാൻ എം.പി.ഉദ്ഘാടനം ചെയ്തു. റോജി.എം.ജോൺ എം എൽ എ പട്ടയങ്ങൾ വിതരണം ചെയ്തു. താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി. 9 പട്ടയങ്ങളാണ് വിതരണം ചെയ്തത്.  4 ദേവസ്വം പട്ടയങ്ങളും 6 എല്‍.ടി പട്ടയങ്ങളും ഇതിൽ ഉൾപ്പെടും. 

 

മൂവാറ്റുപുഴ താലൂക്കിൽ നടന്ന പട്ടയമേളയിൽ 12 കുടുംബങ്ങൾക്ക് പട്ടയം നൽകി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ  മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.  നഗരസഭാ ചെയർമാൻ പി.പി എൽദോസ്, ആർ.ഡി.ഒ എസ്. ബിന്ദു,  മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷാന്റി അബ്രഹാം, ആശ സനിൽ, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, കല്ലൂർക്കാട്  പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര, ആവോലി  പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, വാർഡ് കൗൺസിലർ ആർ. രാകേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

കുന്നത്തുനാട് താലൂക്ക് പട്ടയമേള എൽദോസ് കുന്നപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. പി. വി ശ്രീനിജൻ എം എൽ എ പട്ടയ വിതരണം നടത്തി. 15 എല്‍.എ പട്ടയങ്ങളളാണ് വിതരണം ചെയ്തത്. 

 

കോതമംഗലം താലൂക്കിൽ പട്ടയമേള ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ.ടോമി അധ്യക്ഷത വഹിച്ചു. 10 കുടുംബങ്ങൾക്ക് വേദിയിൽ പട്ടയം കൈമാറി. ആകെ 60 കുടുംബങ്ങൾക്കാണ് താലൂക്കിൽ പട്ടയം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,  വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈ ജന്റ് ചാക്കോ,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റാണിക്കുട്ടി ജോർജ്, റഷീദ സലിം, കെ കെ ദാനി, കോതമംഗലം നഗരസഭ കൗൺസിലർ റിൻസി റാേയ് തുടങ്ങിയവർ പങ്കെടുത്തു.

 

പറവൂർ താലൂക്കിൽ 9 എൽ എ പട്ടയങ്ങളാണ് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ പ്രഭാവതി ടീച്ചർ അധ്യക്ഷയായി.

 

കൊച്ചി താലൂക്കിൽ പട്ടയമേള കെ.ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.എൻ.ഉണ്ണികൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു. 30 എൽ.എ പട്ടയങ്ങളാണ് വിതരണം ചെയ്തത്. 

 

ജില്ലയിലാകെ ലാന്‍ഡ് ട്രിബ്യൂണല്‍ വിഭാഗത്തില്‍ 317 പട്ടയങ്ങളും ദേവസ്വം പട്ടയം വിഭാഗത്തില്‍ 54 പട്ടയങ്ങളും ആണ് വിതരണം ചെയ്യുന്നത് . 

 

ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പട്ടയ മേള നടന്നത്. മേളയിൽ വിതരണം ചെയ്യാത്ത പട്ടയങ്ങൾ വില്ലേജ് ഓഫീസുകളിൽ നിന്നും ഗുണഭോക്താക്കൾക്ക് കൈമാറി.

 

date