വീഡിയോ കോൺഫറൻസ് വഴി ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം : എം വി ഗോവിന്ദൻ മാസ്റ്റർ
കോവിഡ്19 വ്യാപന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വിവാഹിതരായി വർഷങ്ങളായി ഒന്നിച്ച് താമസിക്കുകയും തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതുമായ ദമ്പതിമാർക്ക് വീഡിയോ കോൺഫറൻസ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി ഉത്തരവായെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തദ്ദേശ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം വിവാഹ മുഖ്യരജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ 2008ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളുടെ ഭേദഗതി നിലവിൽ വരുന്ന തീയതി വരെയാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി.
ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ വ്യാജ ഹാജരാക്കലുകളും ആൾമാറാട്ടവും ഉണ്ടാകാതിരിക്കാൻ തദ്ദേശ രജിസ്ട്രാർമാരും വിവാഹ മുഖ്യ രജിസ്ട്രാർ ജനറലും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി പറഞ്ഞു.
വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പാലിക്കാതെ വിദേശത്ത് പോയതിനുശേഷം വിദേശത്തുനിന്നും കോവിഡ്-19 പശ്ചാത്തലം ചൂണ്ടിക്കാണിച്ച് പലരും ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുകൾ ലഭ്യമാക്കിക്കൊണ്ട് പല രജിസ്ട്രാർമാരും വിവാഹം രജിസ്റ്റർ ചെയ്തു നൽകിവരുന്നുമുണ്ട്. കോവിഡ് 19 വ്യാപന സാഹചര്യം മുൻനിർത്തി വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവരുടെ തൊഴിൽ സംരക്ഷണത്തിനും, താമസസൗകര്യം ലഭിക്കുന്നതിനുള്ള നിയമസാധുതയ്ക്കും വിവാഹ സർട്ടിഫിക്കറ്റ് ആധികാരിക രേഖയായി ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പി.എൻ.എക്‌സ്. 3299/2021
- Log in to post comments