Skip to main content

മണ്ണട്ടാംപാറ അണക്കെട്ട് നടപ്പാത നവീകരണം:   10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു

വള്ളിക്കുന്ന് മണ്ഡലത്തിലെ കൂട്ടുമൂച്ചി കൊടക്കാട്ടെ മണ്ണട്ടാംപാറ അണക്കെട്ടിന്റെ തകര്‍ന്ന നടപ്പാത പുതുക്കിപണിയുന്നതിനും കൈവരി സ്ഥാപിക്കുന്നതിനുമായി  10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. അംഗീകാരം ലഭിക്കുന്നതോടെ ടെന്‍ഡര്‍ ചെയ്ത്  പ്രവൃത്തി തുടങ്ങും. തേഞ്ഞിപ്പലം കടക്കാട്ടുപാറയിലെ കടക്കാട്ടുപാറതോടില്‍ വിസിബി സ്ഥാപിച്ച് വെള്ളം കൃഷിയ്ക്ക് ഉപയോഗപ്പെടുത്താന്‍ 45 ലക്ഷം രൂപയുടെയും തോട് നവീകരണത്തിന് 85 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണെന്ന് പി. അബ്ദുള്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു.
 

അണക്കെട്ടിലെ നടപ്പാതയുടെ അപകടാവസ്ഥ കണക്കിലെടുത്ത് ഇതുവഴിയുള്ള ജനസഞ്ചാരം തടഞ്ഞിരിക്കുകയാണ്. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലൂടെ അഞ്ച് കിലോമീറ്ററോളം ദൂരത്തില്‍ ഒഴുകി കടക്കാട്ടുപാറ കടലുണ്ടിപ്പുഴയില്‍ എത്തിച്ചേരുന്ന തോടാണ് കടക്കാട്ടുപ്പാറതോട്. ഈ മേഖലയിലെ  200 ഏക്കറോളം വരുന്ന കൃഷിഭൂമിക്ക് ഉപകാരപ്രദമാകുന്നതാണ് ഈ തോട്. കോമരപ്പടി ഭാഗത്തു നിന്ന് വരുന്ന ബീരാന്‍തോട്, തീണ്ടാംപാറ ഭാഗത്ത് നിന്നും വരുന്ന വരിക്കാന്‍തോട്, യൂനിവേഴ്സിറ്റി ഭാഗത്തുനിന്നും വരുന്ന ചൊവ്വയില്‍ തോട് എന്നീ മൂന്ന് കൈതോടുകള്‍ ചെര്‍ന്നാണ് കടക്കാട്ടുപാറ തോട് രൂപംകൊള്ളുന്നത്. അതിനാല്‍ 440 മീറ്ററോളം നീളത്തില്‍ പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശരാശരി നാല് മീറ്റര്‍ വീതിയുള്ള തോടിന്റെ അതിര് നിര്‍ണ്ണയിക്കാത്തതിനാല്‍ പലഭാഗത്തും കയ്യേറ്റമുള്ളതായും വീതി 1.20മീറ്റര്‍ വരെയായി ചുരുങ്ങിയിട്ടുള്ള ഭാഗമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.തോടിന്റെ സംരക്ഷണത്തിന് റീസര്‍വെ നടത്തി അതിര്‍ത്തി നിര്‍ണയിക്കേണ്ട അവസ്ഥയാണ്.  440 മീറ്റര്‍ നീളത്തിലും 2.20 മീറ്റര്‍ ഉയരത്തിലും പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനും തോടിലെ ഒഴുക്ക് തടസപ്പെടുത്തുന്ന തരത്തിലുള്ള ചെങ്കല്ല് പാറ നീക്കം ചെയ്ത് നീരൊഴുക്ക് സുഖമമാക്കുന്നതിനുമായാണ്  85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. വേനല്‍ കാലത്ത് തോട്ടില്‍ വെള്ളം തടഞ്ഞ് നിര്‍ത്തി കൃഷിക്ക് ഉപയോഗിക്കുന്നതിന് വി.സി.ബി. നിര്‍മിക്കാനാണ് പദ്ധതി. ഇതിനായി നടപടികള്‍ തുടങ്ങിയതായി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രേഖാമൂലം അറിയിച്ചതായി പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു.

date