ബാലവേലയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ശബ്ദമുയര്‍ത്തണം : ജില്ലാകളക്ടര്‍
സമൂഹത്തോട് ഉത്തരവാദിത്വവും, കടമയും ഉള്ളവരായിരിക്കണം വിദ്യാര്‍ത്ഥികളെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ലീഗല്‍ സര്‍വീസ് അതോറിറ്റിയും തൊഴില്‍ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ബാലവേലവിരുദ്ധദിനാചരണം പത്തനംതിട്ട ഹോളി എയ്ഞ്ചല്‍സ് സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യവും നിരക്ഷരതയുമാണ് ബാലവേല വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം. കുട്ടിക്കാലം ആസ്വദിക്കാന്‍ കഴിയാതെ ലക്ഷക്കണക്കിന് കുട്ടികള്‍ ഇപ്പോഴും പണിയെടുക്കുന്നുണ്ട്. ഇത്തരത്തിലുള്ളവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ബാലവേലയും ബാലഭിക്ഷാടനവും ഒഴിവാക്കുന്നതിന് ജില്ലയില്‍ ആരംഭിച്ച ഓപ്പറേഷന്‍ ശരണബാല്യം പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിച്ചിട്ടുണ്ട്. ഇത് ബാലവേലയും ബാലഭിക്ഷാടനവും ഒഴിവാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണെ ന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് ആര്‍ ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ടി.സൗദാമിനി മുഖ്യ പ്രഭാഷണം നടത്തി. ബാലവേലവിരുദ്ധ നിയമത്തെക്കുറിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ജി.എസ് രാധാകൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണക്ലാസ് എടുത്തു. ഹോളി എയ്ഞ്ചല്‍സ് സ്കൂള്‍ പ്രിന്‍സിപ്പിള്‍ കെ.ജെ ബാബുകുട്ടി, ചൈല്‍ഡ് ലൈന്‍ അധികൃതര്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 1499/18)
- Log in to post comments