Skip to main content

കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക്  കൂടുതൽ ബസ് സർവ്വീസ് : മന്ത്രി പി രാജീവ്

എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി കൂടുതൽ കെഎസ്ആർടിസി ബസ് സർവ്വീസുകൾ ഈ മാസം  ആരംഭിക്കുമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവുമായി ബസ് സർവ്വീസ് വർദ്ധിപ്പിക്കുന്നതിന് ചർച്ച നടത്തിയിരുന്നു. കൂടുതൽ ബസ് സർവ്വീസുകൾ ആരംഭിക്കുന്നതോടെ പൊതു ജനങ്ങൾക്ക്  സർക്കാർ മെഡിക്കൽ കോളേജിന്റെ സേവനങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്താനാകും.
 സഹകരണ മേഖലയിൽ നിന്ന് ഏറ്റെടുത്ത കളമശ്ശേരി മെഡിക്കൽ കോളേജിൽ ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ ആരംഭിക്കുന്നതോടെ ജില്ലയിലെ സുപ്രധാന ചികിൽസാ കേന്ദ്രമായി മെഡിക്കൽ കോളേജ് മാറും.   മെഡിക്കൽ കോളേജിൽ പുരോഗമിക്കുന്ന വിവിധ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.  
കളമശ്ശേരി മെഡിക്കൽ കോളേജിലെ 9 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

date