Skip to main content

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്ക് മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

 

പ്രസവസമയത്തും പ്രസവാനന്തരവും ഓരോ സ്ത്രീക്കും ഉയര്‍ന്ന നിലവാരവുമുളള മാതൃ പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആരംഭിച്ച ലക്ഷ്യ പ്രോഗ്രാമിന്റെ ഭാഗമായി (ലേബര്‍ റൂം ക്വാളിറ്റി ഇപ്രൂവ്മെന്റ് പ്രോഗ്രം ഇനിഷേറ്റീവ്) പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഇന്ന് (സെപ്തംബര്‍ 17) രാവിലെ 10.30ന് ഓണ്‍ലൈനായി നിര്‍വഹിക്കും. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായാണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷനാകും.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ രണ്ടു കോടി 44 ലക്ഷം രൂപ ചെലവില്‍ എന്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ച് ലക്ഷ്യ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.  2018-19 പദ്ധതി പ്രകാരം പൊതുമേഖലാ സ്ഥാപനമായ കെ.ഇ.എല്‍ ആണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ആശുപത്രിയില്‍ നിലവിലുള്ള കെട്ടിടത്തിന്റെ മുകളിലാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. ആന്റി നാറ്റല്‍ വാര്‍ഡ്, പോസ്റ്റ് നാറ്റല്‍ വാര്‍ഡ്, പീഡിയാട്രിക്ക് വാര്‍ഡ്, പീഡിയാട്രിക്ക്        സ്പെഷ്യല്‍ വാര്‍ഡ് എന്നീ നാലു വാര്‍ഡുകളും അതിനനുബന്ധ സൗകര്യങ്ങളുമാണ് സജ്ജമാക്കുന്നത്.
 

എം.പി.അബ്ദു സമദ് സമദാനി എം.പി, ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, നഗരസഭ ചെയര്‍മാന്‍ പി.ഷാജി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന, ഡി.പി.എം. ഡോ. എ. ഷിബുലാല്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ആരതി രഞ്ജിത്ത്, ആര്‍.എം.ഒ.ഡോ. അബ്ദുള്‍റസാക്ക്, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

date