Skip to main content

വികസനം എല്ലാവരിലേക്കും ഒരുപോലെ എത്തിക്കും - മന്ത്രി മുഹമ്മദ് റിയാസ്

 

 

 

നാടിന്റെ എല്ലാമേഖലയിലും സമഗ്രമായ ഇടപെടല്‍ നടത്തി എല്ലാവരിലേക്കും ഒരുപോലെ വികസനം എത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സൗരോര്‍ജ്ജ പദ്ധതി രണ്ടാംഘട്ടം ധാരണാപത്രം കൈമാറലും പട്ടികവര്‍ഗ്ഗകോളനി സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ 'വിദ്യാകിരണം' ഗാഡ്ജറ്റ് വിതരണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
 
വൈദ്യുത മേഖലയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ജില്ലാ പഞ്ചായത്തിന്റെ സൗരോര്‍ജ്ജ പദ്ധതി. കേരളത്തിലെ വൈദ്യുത മേഖല ലാഭകരമായും മാതൃകപരമായും മുന്നോട്ട്‌പോകുകയാണ്. വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം സംസ്ഥാനത്തെ ഒരുലക്ഷത്തിലധികം കുട്ടികള്‍ക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. അത്തരത്തില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ജില്ലാ പഞ്ചായത്തിന്റെ സൗരോര്‍ജ്ജ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 13 ഘടക സ്ഥാപനങ്ങളിലും 8 സ്‌കൂളുകളിലുമായി 330 കിലോവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനുളള മേല്‍ക്കൂര സൗരോര്‍ജ്ജ നിലയങ്ങളാണ് സ്ഥാപിക്കുന്നത്. പുതുപ്പാടി പഞ്ചായത്തിലെ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത 133 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ ഒരു വീട്ടില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ രണ്ട് ടാബ്ലെറ്റ് എന്ന നിലയില്‍ 73 കുട്ടികള്‍ക്കാണ് ഇപ്പോള്‍ പഠനോപകരണങ്ങള്‍ നല്‍കുന്നത്. 

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.പി.ജമീല, പി.സുരേന്ദ്രന്‍, കെ.വി.റീന, എന്‍.എം.വിമല, കൂടത്താങ്കണ്ടി സുരേഷ് മാസ്റ്റര്‍, മുക്കം മുഹമ്മദ്, ഐ.പി. രാജേഷ്, നാസര്‍ എസ്റ്റേറ്റ് മുക്ക്, അംബിക മംഗലത്ത്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.പി.മിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ സ്വാഗതവും ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ സയ്യിദ് നയീം നന്ദിയും പറഞ്ഞു.

date