Skip to main content

ജില്ലയിലെ 61 വിദ്യാലയങ്ങളിൽ ആക്റ്റിവിറ്റി കോർണറുകൾ ഒരുങ്ങി

പ്രീ സ്‌കൂളുകളുടെ രൂപവും ഭാവവും മാറ്റി പഠനം ആഹ്ലാദകരമാക്കാൻ ജില്ലയിലെ 61 വിദ്യാലയങ്ങളിൽ ആക്റ്റിവിറ്റി കോർണറുകൾ ഒരുങ്ങി. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ പ്രീ സ്‌കൂളുകളിലെ ആക്റ്റിവിറ്റി കോർണറുകളുടെ ജില്ലാതല ഉദ്ഘാടനം ജി.എം.എൽ.പി. അജാനൂരിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ പി.രവീന്ദ്രൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലക്ഷ്മി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിബ ഉമ്മർ, സുരേഷ് പുളിക്കൽ, നീത പി.വി തുടങ്ങിയവർ സംസാരിച്ചു. പ്രഥമാധ്യാപികഅനിത സ്വാഗതവും പ്രത്യുഷ നന്ദിയും പറഞ്ഞു.
ജില്ലയിലെ ഏഴ് ബിആർസി പരിധിയിലെ അംഗീകൃത പ്രീ പ്രൈമറികളിലാണ് ആക്റ്റിവിറ്റി കോർണറുകൾ തുടങ്ങുന്നത്. ഇതിനായി സമഗ്ര ശിക്ഷാ പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. പ്രീ സ്‌കൂൾ അധ്യാപികമാരുടെയും സമഗ്ര ശിക്ഷ കേരളയിലെ പ്രവൃത്തി പരിചയ അധ്യാപികമാരുടെയും കൂട്ടായ്മയിലാണ് കോർണറുകൾ ആകർഷണീയതയോടെ ഒരുക്കിയെടുത്തത്. കോർണറുകളിൽ അഭിനയം, ചിത്രകല, സംഗീതം, നിർമാണം, വായന, ഗണിതം, ശാസ്ത്രം വിഷയങ്ങളിൽ കുട്ടികളെ ആകർഷിക്കും വിധത്തിലുള്ള കൗതുകം നിറയുന്ന ഉപകരണങ്ങളും ഉൽപ്പന്നങ്ങളുമാണ് ശിൽപശാലകളിലൂടെ രൂപപ്പെടുത്തിയിട്ടുള്ളത്. കോവിഡാനന്തരം പ്രീ സ്‌കൂളുകൾ തുറക്കുമ്പോൾ ഏറ്റവും മികച്ച പഠനാനുഭവങ്ങൾ കുരുന്നുകൾക്ക് നൽകാനാകും വിധത്തിൽ സജ്ജമായിരിക്കുകയാണ് ജില്ലയിലെ പ്രീ സ്‌കൂളുകൾ.

date