Skip to main content

മാംസോൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കും : മന്ത്രി ജെ.ചിഞ്ചുറാണി

 

 കൂത്താട്ടുകുളം :മാം സോൽപ്പാദനത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കുമെന്നും അതിനാവശ്യമായ പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുകയാണെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

 സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കൂത്താട്ടുകുളത്ത് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യാ ലിമിറ്റഡ് നൽകിയ പുതിയ വിതരണ കേന്ദ്രങ്ങൾക്കുള്ള ഡീലർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും എം പി ഐ ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കായി തയ്യാറാക്കിയ മൊബൈൽ സെയിൽസ് വാഹനത്തിൻ്റെ ഫ്ലാഗ് ഓഫും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പരമാവധി തൊഴിൽ സൃഷ്ടിക്കുവാൻ സർക്കാർ തീരുമാനിച്ചിരുന്നു. പുതിയ വിതരണ കേന്ദ്രങ്ങൾ അനുവദിച്ചതിലൂടെ കുറച്ചുപേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുവാൻ സംസ്ഥാനത്തിന് കഴിഞ്ഞു. എല്ലാ ക്ഷീരകർഷകരും ക്ഷേമനിധിയിൽ അംഗങ്ങളാകണമെന്നും കർഷകർക്ക് ധനസഹായങ്ങൾ ഉൾപ്പടെ എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

പിറവം എം.എൽ.എ അനൂപ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, വാർഡ് കൗൺസിലർ ജിഷ രഞ്ചിത്ത്, എം.പി.ഐ മാനേജിംഗ് ഡയറക്ടർ ഡോ.എ.എസ്.ബിജുലാൽ, ലെയ്സൺ ഓഫീസർ കെ.ടി.രാഘവൻ എന്നിവർ സംസാരിച്ചു.

date