Skip to main content

 ഖരമാലിന്യ സംസ്കരണത്തിൽ മികവുമായി ഏലൂരും ചോറ്റാനിക്കരയും

 

ഖരമാലിന്യ സംസ്കരണത്തിലെ മികവിനുള്ള നവകേരള പുരസ്കാരം ഏലൂർ നഗരസഭയും ചോറ്റാനിക്കര ഗ്രാമപഞ്ചായത്തും ഏറ്റുവാങ്ങി. ഏലൂർ കുറ്റിക്കാട്ടുകര സെൻ്റ് തോമസ് പള്ളി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവിൽ നിന്ന് ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. രാജേഷ് എന്നിവർ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മാലിന്യവും മാലിന്യ സംസ്കരണവും നമ്മുടെ നാട്ടിലെ ഏറ്റവും പ്രധാന പ്രശ്നങ്ങളാണെന്ന് മന്ത്രി പറഞ്ഞു. അതു കൊണ്ടു തന്നെ മികച്ച പരിഗണനയാണ് ഈ പ്രശ്നങ്ങൾക്ക് സർക്കാർ നൽകുന്നത്. മാലിന്യ സംസ്കരണം തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള വിഷയമാണ്. എന്നാൽ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാർ നേരിട്ട് ഇടപെട്ടു. കൂട്ടായ പരിശ്രമങ്ങളിലൂടെയേ മാലിന്യ പ്രശ്നം പരിഹരിക്കാനാകൂ എന്ന് മന്ത്രി പറഞ്ഞു. ഇത്തരം ശ്രമങ്ങൾക്ക് പ്രോത്സാഹനമായാണ് നവകേരള പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശുചിത്വ മിഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് കത്തിക്കരുത്, കത്തിച്ചു രോഗികളാകരുത് ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുജിത് കരുൺ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ  പി.എച്ച്. ഷൈൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ അനിത ഏലിയാസ്, ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ. ജോയ്, റീജിയണൽ ജോയിൻ്റ് ഡയറക്ടർ, അർബൻ അരുൺ രംഗൻ, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ എസ്. രഞ്ജിനി, മാലിയങ്കര എസ് എൻ എം കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. വി.സി. രശ്മി, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date