Skip to main content

ക്വാറൻറീൻ നിയന്ത്രണങ്ങള്‍ ജില്ലയില്‍ശക്തമായി തുടരും

 

 

എറണാകുളം- ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക്(WIPR) ഉയര്‍ന്ന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. ജില്ല കളക്ടര്‍ ജാഫര്‍ മാലിക്കിൻറെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ക്വാറൻറീൻ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പോലീസിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍‍ക്കും നിര്‍ദേശം നല്‍കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കും.

ജില്ലയില്‍ ആര്‍. ടി.പി.സി.ആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും.  18 വയസ്സിനു മുകളില്‍ പ്രായമായ ആളുകളുടെ ആദ്യ ഘട്ട വാക്സിനേഷൻ ഈ മാസം  30 നു മുമ്പായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ മികച്ച രീതിയില്‍ വാക്സിനേഷൻ പുരോഗമിക്കുകയാണ്.  അതിഥി തൊഴിലാളികള്‍ക്കുള്ള വാക്സിനേഷൻ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിൻറെ ഭാഗമായി ക്ലിനിക് ഓണ്‍ വീല്‍സ്  മൊബൈല്‍ സംവിധാനം ക്രമീകരിക്കും. ക്ലിനിക് ഓണ്‍ വീല്‍സിൻറെ ആദ്യ ക്യാംപ് പച്ചാളം പി.ജെ  ആൻറണി പാരിഷ് ഹാളില്‍ വെച്ച് തിങ്കളാഴ്ച സംഘടിപ്പിക്കും. 500 പേര്‍ക്കുള്ള വാക്സിൻ ഇവിടെ നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യോഗത്തില്‍ എ.സി.പി ഐശ്വര്യ ഡോംഗ്രേ, ജില്ല മെഡിക്കല്‍ ഓഫീസര്‍  ഡോ.എൻ.കെ കുട്ടപ്പൻ, ഡി.എസ്.ഓ ഡോ എസ് ശ്രീദേവി, ഡി.പി.എം ഡോ. മാത്യൂസ് നുമ്പേലില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

date