Skip to main content

പക്കി, പൊങ്ങ പാലങ്ങളുടെ നിര്‍മാണം  30നകം പൂര്‍ത്തിയാക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം 

 

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡിലെ പക്കി, പൊങ്ങ പാലങ്ങളുടെ നിര്‍മാണം ഒക്ടോബര്‍ 30നകം പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  എ.സി റോഡിലെ നിര്‍മാണ പുരോഗതി വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാന്തരമായി നിര്‍മിച്ചിട്ടുള്ള താത്ക്കാലിക പാത പ്രദേശവാസികളുടെ നാലുചക്ര വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയും വിധം ശക്തിപ്പെടുത്തണം. നിലവില്‍ സമാന്തരമായി നിര്‍മിച്ചിട്ടുള്ള താത്ക്കാലിക പാതയിലൂടെ ഓട്ടോറിക്ഷ അടക്കമുള്ള ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നതിന് നടപടി സ്വീകരിക്കണം. അടുത്ത ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സമയപരിധി, പ്രദേശത്ത് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍ എന്നിവയുടെ വിശദാശംങ്ങള്‍ രൂപരേഖയുള്‍പ്പെടെ അടുത്ത യോഗത്തില്‍ അവതരിപ്പിക്കാനും കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി.

യോഗത്തില്‍ തോമസ് കെ. തോമസ് എം.എല്‍.എ, എ.ഡി.എം. ജെ. മോബി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date