Skip to main content

ശ്രീ ശങ്കരാ പാലത്തിലെ കുഴികൾ അടച്ചു; ഗതാഗതം തിങ്കളാഴ്ച മുതൽ

 

കാലടി ശ്രീ ശങ്കര മേൽപാലത്തിലെ ടാറിംഗ് ജോലികൾ പൂർത്തിയായി.   തിങ്കളാഴ്ച മുതൽ ഗതാഗതം പുനരാരംഭിക്കും. പാലത്തിൻ്റെ മേൽ ടാറിംഗ് പലയിടത്തും തകർന്നു പോയതിനാൽ ഗതാഗതം ബുദ്ധിമുട്ടേറിയ നിലയിലായിരുന്നു. പലപ്പോഴും ഇത് കാലടി ടൗണിലും മറ്റും ഗതാഗത കുരുക്ക് രൂക്ഷമാക്കി. പ്രശ്നം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു. മേൽപ്പാലത്തിലെ ടാറിംഗ് ജോലികൾക്കായി ഏഴ് ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. അടിയന്തിര ജോലികൾ പൂർത്തീകരിക്കാനാണ് തുക അനുവദിച്ചത്. 15 ലധികം തൊഴിലാളികളെ വച്ച് ഒറ്റ ദിവസം കൊണ്ട് ജോലികൾ പൂർത്തിയാക്കുകയായിരുന്നു. ഉന്നത നിലവാരത്തിലുള്ള റബ്ബറൈസ്ഡ് ടാറിംഗ് ആണ് റോഡിൽ നടത്തിയത്. അഞ്ചു സെൻ്റീമീറ്റർ കനത്തിൽ ബിറ്റു മിനസ് മെക്കാഡവും മൂന്നു സെൻ്റീമീറ്റർ കനത്തിൽ ബിറ്റുമിനസ് കോൺക്രീറ്റുമാണ് ചെയ്തതത്.  വൈകീട്ടോടെ ബിറ്റു മിനസ് മെക്കാഡം പൂർത്തിയാക്കി. ബിറ്റു മിനസ് കോൺക്രീറ്റ് രാത്രിയിലാണ് പൂർത്തിയാക്കിയത്. എറണാകുളം പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരുന്നു ജോലികൾ.

date