Skip to main content

കാർഷിക പോഷകത്തോട്ടം: ജില്ലാ തല പരിശീലനം സംഘടിപ്പിച്ചു

കാസർകോട് ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ ഭാഗമായി കാസർകോട് അനക്സ്  ഹാളിൽ  അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിന്റെ ജില്ലാതല പരിശീലനം പൂർത്തിയായി.  രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘടനം കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ടി.ടി സുരേന്ദ്രൻ നിർവഹിച്ചു. എ ഡി എം സിമാരായ സി.എച്ച് ഇക്ബാൽ, പ്രകാശൻ പാലായി, ഡി പി എം രാംനേഷ് എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് പി. ഡി ദാസ് വിഷയവതരണം നടത്തി. പരപ്പ, നീലേശ്വരം, കാഞ്ഞങ്ങാട് ബ്ലോക്കിലെ മാസ്റ്റർ കർഷകർ, ജീവ, സി എൽ സി മാർ, ബ്ലോക്ക് കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
രണ്ടാം ദിനത്തിൽ  എഡിഎംസി പ്രകാശൻ പാലായി അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് പി. ഡി ദാസ് വിഷയവതരണം നടത്തി.  ഡിപിഎം രാംനേഷ് പദ്ധതി വിശദ്ധീകരണം നടത്തി. മഞ്ചേശ്വരം, കാറഡുക്ക, കാസർകോട് ബ്ലോക്കിലെ മാസ്റ്റർ കർഷകർ, ജീവ, സിഎൽസിമാർ, ബ്ലോക്ക് കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

ലക്ഷ്യം 402 ഹെക്ടർ ഭൂമിയിൽ കൃഷി
പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 663 എ.ഡി.എസുകളിൽ 50 വീടുകൾ കേന്ദ്രീകരിച്ച് 402 ഹെക്ടർ ഭൂമിയിൽ കൃഷി സാധ്യമാക്കും. കുടുംബത്തിന്റെ പൂർണ്ണ പോഷക ആവശ്യങ്ങൾക്കായാണ് ഓരോ വീട്ടിലും പോഷക ഉദ്യാനങ്ങളും ഓരോ സി.ഡി.സിലും കാർഷിക പോഷക തോട്ടങ്ങളും സജ്ജീകരിക്കുന്നത്. വിഷ വിമുക്ത പച്ചക്കറി, പഴവർഗ്ഗങ്ങൾ എന്നിവയുടെ ഉപയോഗത്തോടെ ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. പദ്ധതിയിലൂടെ 10 ലക്ഷം കുടുംബങ്ങളിലേക്ക് പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും എത്തിക്കാൻ സാധിക്കും. പോഷക സമൃദ്ധമായ ഭക്ഷണത്തിലൂടെ കോവിഡ് പ്രതിരോധം ശക്തമാക്കാൻ കഴിയും. ഞാനും എന്റെ അയൽക്കൂട്ടവും കൃഷിയിലേക്ക്, ഞാനും എന്റെ ഊരും കൃഷിയിലേക്ക് തുടങ്ങി വ്യത്യസ്ത തരം ക്യാമ്പയിനുകളാണ് പദ്ധതി നടത്തിപ്പിനായി കുടുംബശ്രീ മിഷൻ ആവിഷ്‌കരിച്ചിട്ടുള്ളത്.  പദ്ധതി പ്രകാരം മൂന്ന്  സെന്റ് മുതലുള്ള പ്ലോട്ടുകളിൽ അഞ്ച് ഇനം പച്ചക്കറികളും രണ്ട്  ഇനം ഫലവൃക്ഷങ്ങളുമാണ് കൃഷി ചെയ്യേണ്ടത്.
 

date