Skip to main content

സമ്പൂർണ ശുചിത്വം ലക്ഷ്യം, പുല്ലൂർ-പെരിയയിൽ ക്ലീൻ ആന്റ് ഗ്രീൻ പദ്ധതി

സമ്പൂർണ ശുചിത്വം ഉറപ്പുവരുത്താൻ പുല്ലൂർ-പെരിയ പഞ്ചായത്ത് വ്യത്യസ്ത പദ്ധതികൾ ഉൾപ്പെടുന്ന മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ആദ്യഘട്ടമെന്ന നിലയിൽ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുന്ന കളക്ടേഴ്സ് അറ്റ് സ്‌കൂൾ നടപ്പിലാക്കി. 17 വാർഡിലും സീറോ പ്ലാസ്റ്റിക് പുല്ലൂർ-പെരിയ എന്ന ലക്ഷ്യത്തോടെ മാലിന്യ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഖരമാലിന്യ സംസ്‌കരണത്തിനും ജൈവമാലിന്യ പരിപാലനത്തിനും ഗാർഹികതലത്തിലും സ്ഥാപനത്തിലും സാമൂഹിക തലത്തിലും പദ്ധതികൾ നടപ്പിലാക്കും. ആദ്യഘട്ടമെന്ന നിലയിൽ 200 വീടുകളിൽ റിംഗ് കമ്പോസ്റ്റുകളും ലൈഫ് ഭവനങ്ങളിൽ ബയോ ബിന്നുകളും സ്ഥാപിക്കും.
ശൗചാലയങ്ങൾ ഇല്ലാത്ത 116 വീടുകളിൽ ശൗചാലയങ്ങളും തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി വീടുകളിൽ കമ്പോസ്റ്റ് പിറ്റുകളും സോഫ്റ്റ് പിറ്റുകളും സ്ഥാപിക്കും. ആയമ്പാറ യു.പി. സ്‌കൂൾ, ചാലിങ്കാൽ എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിൽ ബാലമിത്ര ബാലസൗഹൃദ ടോയ്ലറ്റുകൾ സ്ഥാപിക്കും. ഹരിത കർമ്മസേനയെ സ്വയം പര്യാപ്തമാക്കാൻ തുണിസഞ്ചി നിർമ്മാണ യൂനിറ്റ് ആരംഭിക്കുന്നതിനൊപ്പം ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കും. തരംതിരിച്ച മാലിന്യങ്ങൾ ശേഖരണ കേന്ദ്രത്തിലെത്തിക്കാൻ ഇലക്ട്രോണിക് വാഹന സൗകര്യവും അമ്പലത്തറ, ഇരിയ, പെരിയ, കല്ല്യോട്ട് എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കാൻ ബോട്ടിൽ ബൂത്തുകളും ഒരുക്കും. ഉറവിട മാലിന്യ സംസ്‌കരണത്തിന് ഓരോ വീട്ടിലും സംവിധാനം ഉറപ്പു വരുത്തും.
ദീർഘദൂര യാത്രക്കാർക്ക് ഭക്ഷണം, വിശ്രമം, പ്രാഥമിക സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തുന്ന ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം പെരിയയിൽ ഫെബ്രുവരി മാസത്തിൽ പൂർത്തീകരിക്കും. പൊതു ശ്മശാനം ഒക്ടോബർ മാസത്തിൽ പ്രവർത്തന സജ്ജമാക്കുന്നതിനും പഞ്ചായത്തിലെ മികച്ച ശുചിത്വ ഗ്രാമത്തിനും ശുചിത്വ വീടിനും പുരസ്‌കാരങ്ങൾ നൽകുന്നതിനും പദ്ധതിയുണ്ട്.

date