Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 24-09-2021

തപാല്‍ അദാലത്ത് ഒക്ടോബര്‍ അഞ്ചിന്

ഉത്തരമേഖല തപാല്‍ അദാലത്ത് ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സായി നടക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള റവന്യു ജില്ലകളിലുള്ളവര്‍ക്ക് പരാതി നല്‍കാം. കത്ത്, മണി ഓര്‍ഡര്‍, പാര്‍സല്‍, സ്പീഡ് പോസ്റ്റ്, സേവിംഗ്‌സ് ബാങ്ക് തുടങ്ങിവയുമായി ബന്ധപ്പെട്ട പരാതികള്‍ എം മിനി രാജന്‍, അസി.ഡയറക്ടര്‍, പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, നോര്‍ത്തേണ്‍ റീജിയണ്‍, നടക്കാവ്, കോഴിക്കോട് 673 011 എന്ന വിലാസത്തില്‍ സപ്തംബര്‍ 24നകം ലഭിക്കണം. കവറിന് മുകളില്‍ തപാല്‍ അദാലത്ത് എന്ന് എഴുതണം.

ഓണ്‍ലൈന്‍ സഹായി; അഭിമുഖം 29ന്

പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും പി എസ് സി രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുമായി ഐ ടി ഡി പി ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും കരാര്‍ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സഹായിമാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ്- മലയാളം ടൈപ്പിംഗ് എന്നിവയാണ് യോഗ്യത. പ്രായം 18 നും 36 നും ഇടയില്‍. താല്‍പര്യമുള്ള പട്ടികവര്‍ഗ ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം സപ്തംബര്‍ 29 ന് രാവിലെ 11 മണി  മുതല്‍ ഒരു മണി വരെ ഐ ടി ഡി പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഉദേ്യാഗാര്‍ഥികള്‍ താമസിക്കുന്ന പഞ്ചായത്തിലെ പ്രാഥമികാരോഗ്യത്തില്‍ നിന്നും ലഭിക്കുന്ന കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫോണ്‍: 0497 2700357.

വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിക്കു ശേഷം സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്നവരായിരിക്കണം. ഒക്‌ടോബര്‍ 30നകമോ അല്ലെങ്കില്‍ കോഴ്‌സിന് പ്രവേശനം കിട്ടി 45 ദിവസത്തിനകമോ അപേക്ഷ ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ :0497 2970272.

ഭരണാനുമതി ലഭിച്ചു

രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എയുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും 4.45 ലക്ഷം രൂപ വിനിയോഗിച്ച് കോര്‍പ്പറേഷന്‍ ഡിവിഷന്‍ 33ലെ ചാലില്‍ സതീശന്‍ വീടു മുതല്‍ കണ്ടില്‍ ഓമന വീട് വരെ റോഡ് ടാറിംഗ് പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

പയ്യന്നൂര്‍ നഗരസഭയിലെ ശ്രീനാരായണഗുരു സ്മാരക വായനശാല ഗ്രന്ഥാലയത്തിന് പുതിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് സി കൃഷ്ണന്‍ എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു. 11.75 ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി.

അനുമോദനം ശനിയാഴ്ച

ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കും പഠിതാക്കള്‍ക്കുമുള്ള അനുമോദനം സപ്തംബര്‍ 25ന് നടക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30 നാണ് പരിപാടി.

പേരുവിവരങ്ങള്‍ നല്‍കണം

സൈനിക ക്ഷേമ വകുപ്പ് കെല്‍ട്രോണുമായി സഹകരിച്ച് നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളായ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി (തലശ്ശേരി), ഫൈബര്‍ ഒപ്ടിക് ടെക്‌നോളജി (തളിപ്പറമ്പ്) എന്നിവയില്‍ ചേരുവാന്‍ താല്‍പര്യമുള്ള ജില്ലയിലെ 50 വയസില്‍ താഴെയുള്ള വിമുക്തഭടന്‍മാര്‍/ആശ്രിതര്‍ അവരുടെ പേരുവിവരങ്ങള്‍ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

വാഹനങ്ങളുടെ ഫിറ്റ്‌നെസ് ടെസ്റ്റ്; സ്ലോട്ട് ബുക്ക് ചെയ്യണം

കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ ഫിറ്റ്‌നസ് ടെസ്റ്റിനെത്തുന്ന വാഹനങ്ങളുടെ എണ്ണം 80 ആയി നിജപ്പെടുത്തി. ടെസ്റ്റിനെത്തുന്നവര്‍ സപ്തംബര്‍ 27 മുതല്‍ ഓണ്‍ലൈന്‍ സ്ലോട്ട് ബുക്ക് ചെയ്ത് മാത്രമേ വരാന്‍ പാടുള്ളൂ എന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

പഠനമുറിക്ക് അപേക്ഷ ക്ഷണിച്ചു

കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ കല്ല്യാശ്ശേരി, കണ്ണപുരം, മാട്ടൂല്‍, ചെറുകുന്ന്, മാടായി എന്നീ പഞ്ചായത്തുകളിലെ ഹൈസ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന  പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിനായി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്നതും 800 സ്‌ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നതുമായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ ആറ്. ഫോണ്‍: 9744980206.

ലെവല്‍ക്രോസ് അടച്ചിടും

തലശ്ശേരി- കണ്ണൂര്‍ റോഡില്‍ എടക്കാട്- കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 239-ാം നമ്പര്‍ ലെവല്‍ക്രോസ് സപ്തംബര്‍ 26 ന് രാവിലെ എട്ട് മണി മുതല്‍ 27 ന് രാത്രി എട്ട് വരെയും പള്ളിക്കുന്ന്- ചാലാട് റോഡില്‍ കണ്ണൂര്‍- വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലുള്ള 244-ാം നമ്പര്‍ ലെവല്‍ക്രോസ് 27 ന് രാവിലെ എട്ട് മുതല്‍ 30 ന് രാത്രി 10 മണി വരൈയും അറ്റകുറ്റപ്പണികള്‍ക്കായി അടിച്ചിടുമെന്ന് അസിസ്റ്റന്റ് ്ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
 

date