Skip to main content

മാലിന്യമുക്ത പഞ്ചായത്താകാന്‍ വിപുലമായ പദ്ധിയുമായി  റാന്നി- അങ്ങാടി ഗ്രാമപഞ്ചായത്ത്

റാന്നി -അങ്ങാടി ഗ്രാമപഞ്ചായത്തിലെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിപുലമായ പദ്ധതികളാണ് അഡ്വ.ബിന്ദു റെജി വളയനാട്ടിന്റെ നേതൃത്വത്തതിലുള്ള ഭരണ സമിതി തയ്യാറാക്കി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ തയ്യാറാക്കിയിട്ടുള്ള പദ്ധതികള്‍ ചുവടെ.

 

മാലിന്യ ശേഖരണം

കടകളിലെ അജൈവ മാലിന്യം ആഴ്ചയില്‍ രണ്ടുദിവസം വീതം ശേഖരിക്കും. ഹോട്ടലുകളും മത്സ്യ-മാംസ വില്പനകേന്ദ്രങ്ങള്‍ നടത്തുന്നവരും ജൈവമാലിന്യം സംസ്‌കരിക്കുന്നതിനുള്ള സൗകര്യം സ്വന്തമായി ക്രമീകരിക്കണം. അല്ലാത്തവരുടെ ലൈസന്‍സ് റദ്ദാക്കി സ്ഥാപനം അടച്ചുപൂട്ടും. ഇതിനുമുന്നോടിയായി ഹോട്ടല്‍, മത്സ്യ-മാംസം വില്‍ക്കുന്ന കടയുടമകളുടെയും മറ്റു കച്ചവടസ്ഥാപന ഉടമകളുടെയും യോഗം വിളിച്ചുകൂട്ടും. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വീടുകളില്‍നിന്നുള്ള അജൈവ മാലിന്യങ്ങള്‍ മാസംതോറും ശേഖരിക്കും. ഇവ മിനി എം.സി.എഫുകളിലും അവിടെനിന്ന് പഞ്ചായത്ത് പേട്ട ചന്തയില്‍ ക്രമീകരിച്ചിരിക്കുന്ന എം.സി.എഫിലുമെത്തിക്കും. ഇവിടെ ഇവ തരംതിരിച്ച് ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറും. 

കടകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍നിന്ന് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിതകര്‍മ സേന വിപുലീകരിക്കും. വീടുകളില്‍നിന്ന് പ്രത്യേക കവറുകളിലാക്കി മാലിന്യം നല്‍കുന്നതോടൊപ്പം ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച 50 രൂപ വീതവും നല്‍കണം. വീഴ്ചവരുത്തുന്ന വീട്ടുകാര്‍ക്കെതിരേ നിയമനടപടിയുണ്ടാകും.

 

വലിയതോട് മാലിന്യരഹിതമാക്കും

  ചെറുകിട ജലസേചന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വലിയതോട്ടിലെ മാലിന്യം നീക്കംചെയ്തശേഷം ആവശ്യമായ സ്ഥലങ്ങളിലെല്ലാം ക്യാമറ സ്ഥാപിച്ച് നിരീക്ഷണവും തുടര്‍നടപടികളും സ്വീകരിക്കും. ഒഴിഞ്ഞ പുരയിടങ്ങളിലും നിരത്തുകളിലും തോടുകളടക്കമുള്ള ജലാശയങ്ങളിലും മാലിന്യം തള്ളുന്നവരുടെ ഫോട്ടോ എടുത്ത് പഞ്ചായത്ത് സെക്രട്ടറിയുടെ വാട്സാപ്പില്‍ അയച്ചാല്‍ ഉടന്‍ നടപടിയുണ്ടാകും. വിവരം നല്‍കുന്നവരുടെ പേരുവിവരം സെക്രട്ടറി രഹസ്യമായി സൂക്ഷിക്കും.

 

മാലിന്യം നിക്ഷേപിച്ചാല്‍ ശിക്ഷ

തോടുകളിലും ജലാശയങ്ങളിലും നിരത്തുകളിലും മാലിന്യം കൊണ്ടിടുന്നവര്‍ക്കെതിരേ പഞ്ചായത്തീരാജ് നിയമപ്രകാരം നടപടി സ്വീകരിക്കും. ഇവരില്‍നിന്ന് പിഴയീടാക്കും.

 

ഗാന്ധി ജയന്തി വാരാഘോഷം പ്രയോജനപ്പെടുത്തും

പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ ഇത്തവണത്തെ ഗാന്ധിജയന്തി വാരാഘോഷം പ്രയോജനപ്പെടുത്തും. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, യുവജന സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ വീടുകള്‍ സന്ദര്‍ശിച്ച് മാലിന്യം ശേഖരിക്കും. ഒക്ടോബര്‍ രണ്ടിന് തുടങ്ങി ഏഴിന് സമാപിക്കും. തുമ്പൂര്‍മൂഴി മാലിന്യസംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഈ മാസംതന്നെ ആരംഭിക്കും. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. പൊതുജനങ്ങളുടെ നിര്‍ദേശങ്ങളും തേടും.

date