Skip to main content

നഗരത്തിലെ തോടുകളുടെ നവീകരണത്തിന് വെള്ളിയാഴ്ച തുടക്കം

 

 

നഗരത്തിലെ തോടുകൾ മാലിന്യവിമുക്തമാക്കി നവീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇന്ന്  (സെപ്തം 24) ആരംഭം. രാവിലെ 11ന് പണ്ടാരച്ചിറ തോടിൻ്റെ സാന്തോം കോളനി പരിസരത്ത് മേയർ എം.അനിൽകുമാർ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നടത്തും. 

 

നഗരത്തിലെ പ്രധാനപ്പെട്ട 30 തോടുകളിലെ മാലിന്യം നീക്കാനും നവീകരിക്കാനുമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ജലസേചന വകുപ്പും നഗരസഭയും സംയുക്തമായാണ് പദ്ധതി പൂർത്തിയാക്കുക. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണവും പദ്ധതിയിലുണ്ട്. പശ്ചിമകൊച്ചിയിലെ പ്രധാന തോടുകളായ പണ്ടാരച്ചിറ തോട്, പഷ്ണി തോട്, ഐലൻ്റ് തോട്, പള്ളിച്ചാൽ തോട് , അത്തിപ്പൊഴി തോട്, വാത്തുരുത്തി തോട് എന്നിവയുടെ ശുചീകരണമാണ് സെപ്തംബർ 24 ന് ആരംഭിക്കുന്നത്.

 

നവീകരിച്ച തോടുകളിൽ വീണ്ടും മാലിന്യം നിക്ഷേപിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. കേരള ഇറിഗേഷൻ ആൻ്റ് വാട്ടർ കൺസർവേഷൻ ആക്ട് പ്രകാരമായിരിക്കും നടപടികൾ സ്വീകരിക്കുക. തോട് അനധികൃതമായി കൈയേറുന്നവർക്കെതിരെയും നടപടിയുണ്ടാകും. കൊച്ചി കോർപ്പറേഷൻ്റെ നേതൃത്വത്തിൽ നിരീക്ഷണ ക്യാമറകളും ബോർഡുകളും പ്രദേശങ്ങളിൽ സ്ഥാപിക്കുന്നതിനും നടപടിയായി. മാലിന്യം നിക്ഷേപിക്കുന്ന കനാലുകളെ സംബന്ധിച്ച് ജലസേചന വകുപ്പ് നേരത്തെ റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കേണ്ട പ്രവൃത്തികൾ തയാറാക്കിയത്. കോർപറേഷനെ മാലിന്യവിമുക്തമാക്കുന്ന കർമ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി.

 

date