Skip to main content

കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് കേന്ദ്രം ഒരുക്കും

 

 

എറണാകുളം: സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികാഘോഷ പരിപാടിയായ ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി കൊച്ചി പ്രത്യേക സാമ്പത്തികമേഖലയില്‍ (സെസ്സ്) വൃക്ഷതൈ നടീല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ മിയാവാക്കി മാതൃകയില്‍ വനവത്കരണ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. 

   അമൃത് മഹോത്സവ പരിപാടിയുടെ ഭാഗമായുള്ള വനവത്കരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൊച്ചി പ്രത്യേക സാമ്പത്തികമേഖലാ വികസന കമ്മീഷ്ണര്‍ ഡി. വി സ്വാമി സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രിക് വാഹന നയത്തിന് സഹായകരമാകുന്ന വിധം സെസ്സില്‍ ഇലക്ട്രിക് ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ സജ്ജമാക്കുമെന്നും ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങള്‍ വാങ്ങുമെന്നും അറിയിച്ചു. രാജ്യത്തെ മികച്ച ഇലക്ട്രിക്ക് വാഹന നയമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

     മണ്ണുത്തി കോളേജ് ഓഫ് ഫോറസ്ട്രിയുടെ സഹകരണത്തോടെയാണ് സെസ്സിൽ മിയാവാക്കി മാതൃകയില്‍  കാടൊരുക്കുന്നത്. ചടങ്ങില്‍ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലാ അസി. ഡെവലപ്മെന്‍റ് കമ്മീഷണര്‍ ബി. പി റാവു, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് റാണി, അസി. കളക്ടര്‍ സച്ചിന്‍ യാദവ്, കെ.കെ പിള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.

date