Skip to main content

കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും സെപ്റ്റംബർ 26 ന്

 

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ  സംഘടിപ്പിക്കുന്ന കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും സെപ്റ്റംബർ 26 ന്  ഡിടിപിസിയുടെ മാതൃഭൂമി അർബോറെറ്റത്തിൽ നടക്കും. രാവിലെ 7 മുതൽ 11 വരെയാണ് പരിപാടി.

ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാർ നദിയുടെ സുസ്ഥിര പരിപാലനം ലക്ഷ്യമിട്ടാണ് നദീസംരക്ഷണ - ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നത്.

മികച്ച അഡ്വഞ്ചർ ഇക്കോടൂറിസം കേന്ദ്രമായി  ആലുവയിലെ പെരിയാർ അനുബന്ധ പ്രദേശങ്ങളുടെ സാധ്യത പരിശോധിക്കുകയെന്നതും ഡി റ്റി പി സിയുടെ ലക്ഷ്യമാണ്

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള  കയാക്കുകൾ, സ്റ്റാൻഡ് അപ്പ്‌ പാടിലുകൾ, വഞ്ചികൾ എന്നിവ പരിപാടിയിൽ അണിനിരക്കും.

പ്രകൃതിക്ക് ദോഷമില്ലാത്ത  ടൂറിസം പ്രവർത്തനങ്ങളിൽ ഒന്നാണ് കയാക്കിങ്. വിദേശ രാജ്യങ്ങളിൽ കയാക്കിങ് പ്രധാന ടൂറിസം ആകർഷണങ്ങളിലൊന്നാണ്.  

പെരിയാറിൽ ദിനംപ്രതി മാലിന്യം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കഴിയുന്നത്രയും മാലിന്യങ്ങൾ പുഴയിൽ നിന്നും ശേഖരിച്ച് സംസ്കരിക്കുക, ശരിയായ ബോധവൽക്കരണം ഉറപ്പു വരുത്തുക എന്നിവ കൂടിയാണ്  കയാക്കിങ്ങിലൂടെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നത്.

ഡിടിപിസിയുടെ ആഭിമുഖ്യത്തിൽ പെരിയാർ അഡ്വഞ്ചേഴ്സും സാഹസിക ടൂർ ഓപ്പറേറ്റർ സ്ഥാപനമായ സാന്റോസ് കിംഗും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും/ സൗജന്യ രജിസ്ട്രേഷനുമായി  8089084080 നമ്പറിൽ ബന്ധപ്പെടുക.

അൻവർ സാദത് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും. ഡി റ്റി പി സി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ  ജാഫർ മാലിക് ഫ്ലാഗ് ഓഫ് നിർവ്വഹിക്കും. ലോക വിനോദ സഞ്ചാര ദിനാശംസ സന്ദേശം എറണാകുളം റൂറൽ എസ്പി കെ. കാർത്തിക് നൽകും. ആലുവ നഗരസഭാ ചെയർമാൻ എം ഒ ജോൺ അദ്ധ്യക്ഷത വഹിക്കും.

 ഡിടിപിസി എക്സിക്യൂട്ടീവ് മെമ്പർ പി ആർ റെനിഷ്, ജോർജ് ഇടപ്പരത്തി, ജോണി തോട്ടക്കര, ടൂറിസം ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണൻ കെ, ഡെപ്യൂട്ടി ഡയറക്ടർ . അഭിലാഷ് കുമാർ എന്നിവരും  പങ്കെടുക്കും

date