Skip to main content

സഹകരണ നിയമ ഭേദഗതി: മൂന്നംഗ സമിതിയെ നിയോഗിച്ചു

സമഗ്ര സഹകരണ നിയമ ഭേദഗതിയുടെ കരട് ബിൽ തയ്യാറാക്കുന്നതിന് മൂന്നംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. റിട്ട. അഡീഷണൽ രജിസ്ട്രാർ ജോസ് ഫിലിപ്പ്, സഹകരണ പരിശീലന കേന്ദ്രം റിട്ട. പ്രിൻസിപ്പൽ മദന ചന്ദ്രൻ നായർ, റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ എൻ. ബി. പ്രദീപ് കുമാർ എന്നിവരാണ് സമിതിയിലുള്ളത്. നേരത്തെയുള്ള നിയമ പരിഷ്‌കരണ സമിതി സമർപ്പിച്ച നിർദ്ദേശങ്ങളും ശുപാർശകളും പഠിച്ച് പ്രായോഗികമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള സമഗ്ര നിയമ പരിഷ്‌കരണത്തിനാണ് സഹകരണ വകുപ്പ് തീരുമാനിച്ചത്. സഹകരണ സംഘം രജിസ്ട്രാർ ശുപാർശ ചെയ്ത വിദഗ്ദ്ധരെയാണ് പുതിയ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിലെ ലോ ഓഫീസറായിരിക്കും സമിതിയുടെ കൺവീനർ. ഇതിനു പുറമെ ദൈനംദിന നടപടികൾക്കും മറ്റുമായി കാട്ടാക്കട രജിസ്ട്രാർ ജയചന്ദ്രൻ, ഐടി നോഡൽ ഓഫീസർ അയ്യപ്പൻ നായർ, അസിസ്റ്റന്റ് രജിസ്ട്രാർ ബിജു പ്രസാദ്, പത്മകുമാർ തുടങ്ങിയ ഉദ്യോഗസ്ഥരെയും നിയമിച്ചു. സമയബന്ധിതമായി ഭേദഗതിയുടെ കരട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. സമീപകാലത്ത് സഹകരണ സംഘങ്ങളിലുണ്ടായ ആശാസ്യകരമല്ലാത്ത പ്രവണതകൾക്കെതിരെ കടുത്ത നിലപാടെടുക്കുന്നതിനും ക്രമക്കേടുകൾക്ക് ഗൗരവ നടപടി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നിയമ ഭേദഗതിക്ക് സർക്കാർ തീരുമാനിച്ചത്. ദശാബ്ദങ്ങൾക്കുമുണ്ടാക്കിയ വ്യവസ്ഥകളിൽ കാലാനുസൃതമായ മാറ്റങ്ങളും നിയമത്തിലും ചട്ടത്തിലും ഉൾപ്പെടുത്തുമെന്നും നേരത്തെ സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള നിർദ്ദേശങ്ങളും പുതിയ സമിതി നിർദ്ദേശിക്കും.
പി.എൻ.എക്‌സ്. 3500/2021
 

date