Skip to main content

ധനകാര്യ സാക്ഷരത വർധിപ്പിക്കണം:  തോമസ് ചാഴികാടൻ എം.പി.

 

 

കോട്ടയം: പൊതുജനങ്ങളുടെ ധനകാര്യ സാക്ഷരത വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് തോമസ് ചാഴികാടൻ എം.പി. വിവിധ സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട ബാങ്ക് വായ്പാ വിതരണ നടപടികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ചേർന്ന ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബാങ്കുകളുടെ വായ്പാ മാനദണ്ഡങ്ങളെക്കുറിച്ച് ഇടപാടുകാർക്ക്  മാത്രമല്ല ജനങ്ങൾക്കാകെ ബോധ്യമുണ്ടാകണം. ബാങ്ക് വ്യവസ്ഥകൾ ലളിതവും സ്വീകാര്യവുമായതാണെങ്കിൽ ക്രെഡിറ്റ് റേറ്റിംഗ് ഉയരും. സംരംഭങ്ങൾ തുടങ്ങുന്നതിനും വിദ്യാഭ്യാസത്തിനുമൊക്കെ വായ്പ എടുക്കുന്നവർക്ക് ഇത് ഏറെ സഹായകരമാകുമെന്നും വിവിധ വായ്പകൾ സംബസിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ ബോധവത്ക്കരണവും പ്രചാരണവും നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. ലീഡ് ജില്ലാ മാനേജർ വി. വിനോദ് കുമാർ, നമ്പാർഡ് ഡി.ഡി.എം. റെജി വർഗീസ് എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

date