Skip to main content

അസാപിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയിലെ  അസാപിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.  അസാപ് സെല്ലിന്റെ സംയുക്ത പ്രവര്‍ത്തന ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികള്‍ക്ക് ജോലികളും അവസരങ്ങളും മനസിലാക്കി തൊഴിലധിഷ്ഠിത മേഖലകളിലും ഇന്റര്‍വ്യൂകളിലും പ്രാവീണ്യം നേടുന്നതിനും, പരിശീലന പരിപാടികള്‍, കോഴ്‌സുകള്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികളെ  പ്രാപ്തരാക്കുന്നതിനായി ചര്‍ച്ചകളും സെമിനാറുകളും നടത്തുന്നതിനും ഒത്തുകൂടുന്നതിനുമായാണ് ഇത്തരം സെല്ലുകള്‍ ജില്ലയില്‍ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ യുവജനങ്ങളില്‍ നൈപുണ്യ വികസനം, ആശയവിനിമയ - വ്യക്തിത്വ വികസന പരിശീലനങ്ങള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ അസാപ് നയിക്കുന്ന പങ്കു സ്തുത്യര്‍ഹമാണ്. വിദ്യാഭ്യാസ തൊഴില്‍ നൈപുണ്യ മേഖലയ്ക്ക് കാതലായ മാറ്റം വരുത്തുക, കുട്ടികളില്‍ തൊഴില്‍ പരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും അവസരം ഉണ്ടാക്കുക എന്നീ ലക്ഷ്യത്തോടെ മുന്നോട്ടു പോകുന്ന അസാപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകിച്ചും ഇടുക്കി ജില്ലയുടെ വികസനത്തിന് വേണ്ടുന്ന എല്ലാവിധ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അസാപ് സെല്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി  ജില്ലയിലെ 37 ലധികം വരുന്ന ആര്‍ട്സ് ആന്‍ഡ് സയന്‍സ്, എഞ്ചിനീറിങ്, പോളിടെക്നിക് കോളേജുകള്‍, മറ്റു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലുമാണ് അസാപ് സെല്ല് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

     പരിശീലന കേന്ദ്രം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് (സിഎസ്പി) ബിസിനസ്സ് ഡവലപ്‌മെന്റ് വിഭാഗം മേധാവി വിനോദ് ടി.വി അധ്യക്ഷത വഹിച്ചു. അസാപ് കേരള ചെയര്‍പേഴ്‌സണ്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ ഉഷാ ടൈറ്റസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇവൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസ് ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബിനോയ് രാജ്  'നൈപുണ്യ വികസനത്തിന്റെ പ്രാധാന്യവും അവസരങ്ങളും' എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു.  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരായ  ഡോ. സോമശേഖരന്‍, ഡോ. അജയപുരം ജ്യോതിഷ്‌കുമാര്‍ , ഡോ. തോംസണ്‍ ജോസഫ് , ഡോ. ജലജ എം. ജെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസാപ് ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജര്‍ തസ്നീം നിസാര്‍, അസാപ് കേരള മേധാവികള്‍, കോളേജ് പ്രിന്‍സിപ്പാള്‍മാര്‍, അധ്യാപകര്‍, കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date