Skip to main content

ആദൂര്‍ എസ് സി സാംസ്‌കാരിക കേന്ദ്രം സ്മാര്‍ട്ട് ആകുന്നു

കൊടകര ബ്ലോക്കിന് കീഴില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആദൂര്‍ എസ് സി സാംസ്‌കാരിക കേന്ദ്രം സ്മാര്‍ട്ടാകാന്‍ ഒരുങ്ങുന്നു. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി സാംസ്‌കാരിക കേന്ദ്രങ്ങള്‍ സ്മാര്‍ട്ട് ആക്കുന്നതിനോട് അനുബന്ധിച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 25) വൈകുന്നേരം 3 ന്
ആദൂര്‍ എസ് സി സാംസ്‌കാരിക കേന്ദ്രത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ തൊഴുക്കാട്ട് മുഖ്യാതിഥിയാകും. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

ആദൂര്‍ എസ് സി കോളനി റിസോഴ്‌സ് സെന്ററില്‍ കമ്പ്യൂട്ടര്‍, സീലിംഗ് ഫാന്‍, എല്‍ സി ഡി പ്രൊജക്റ്റര്‍ വിത്ത് സ്‌ക്രീന്‍, 50 ഫൈബര്‍ കസേരകള്‍, പെഡസ്റ്റല്‍ ഫാന്‍, ഇന്‍വെര്‍ട്ടര്‍, ഓഫീസ് ടേബിള്‍, സൗണ്ട് സിസ്റ്റം, പ്രിന്റര്‍ ആന്‍ഡ് സ്‌കാനര്‍, സ്പീക്കറുകള്‍, ആംപ്ലിഫയറുകള്‍, മൈക്ക്, മൈക്ക് സ്റ്റാന്‍ഡ് വയര്‍ലെസ് മൈക്ക്എന്നിവ ഉള്‍പ്പെടെ സജ്ജമാക്കി സാംസ്‌ക്കാരിക നിലയത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. അതുവഴി ആ പ്രദേശത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടജനവിഭാഗത്തിന്റെ സാംസ്‌ക്കാരിക ഉന്നതിയും ഉറപ്പാക്കുന്നു.

പ്രദേശവാസികളുടെ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളുടെ ഇന്‍ഫര്‍മേഷന്‍ സെന്ററായും ഈ കേന്ദ്രം പ്രവര്‍ത്തിക്കും. ബ്ലോക്ക് വിഹിതമായ 4,45,005 രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഈ തുകയില്‍ സിഡ്കോ സഹായമായ 84,665 രൂപയും ഉള്‍പ്പെടുന്നു. ഇത് വിനിയോഗിച്ചാണ് പ്രസംഗ പീഠം, വൈറ്റ് ബോര്‍ഡ്, അലമാര, കമ്പ്യൂട്ടര്‍ ടേബിള്‍, കസേര എന്നിവ ഒരുക്കിയത്.

പട്ടികജാതി വികസന വകുപ്പിന്റെ കണക്ക് അനുസരിച്ച് 76 കുടുംബങ്ങളിലെ 15 വയസ്സിന് താഴെയുള്ള 39 കുട്ടികള്‍ക്കും, 15 വയസ്സിന് മുകളിലുള്ള 29 കുട്ടികള്‍ക്കും പദ്ധതിയുടെ സേവനം ലഭിക്കും. 2015 ലാണ് ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് വിഹിതം ഉപയോഗപ്പെടുത്തി ആദൂര്‍ എസ് സി സാംസ്‌ക്കാരിക നിലയം നിര്‍മിച്ചത്.2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സാംസ്‌കാരിക കേന്ദ്ര നിര്‍മാണത്തിന് 50 ലക്ഷം രൂപയാണ് ചെലവായത്.

 

date