Skip to main content

നീർച്ചാലുകൾ സജീവമാക്കാൻ  മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ  "നീരറിവ്‌ യാത്ര"  

നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് 'നീരുറവ് മാതൃകാ നീർത്തട അധിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഇതോടനുബന്ധിച്ച് മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ 11,12,13 വാർഡുകളിൽ ഇന്ന് (സെപ്റ്റംബർ 25 ) "നീരറിവ്‌ യാത്ര" സംഘടിപ്പിക്കുന്നു. യാത്ര പുതുക്കാട് എം എൽ എ കെ കെ രാമചന്ദ്രൻ ഫ്ലാഗ് ഓഫ്‌ ചെയ്യും. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ആർ രഞ്ജിത്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അശ്വതി വിബി തുടങ്ങിയവർ പങ്കെടുക്കും. കോടശ്ശേരി മലയുടെ താഴ്‌വരയിലുള്ള മൂന്ന് വാർഡുകളിൽ പ്രചാരണ യാത്രയാണ്  നടത്തുക. നീരുറവ് പദ്ധതി സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. 

ഒഴുകി പോകുന്ന ജലത്തെ ഭൂമിയിലേക്ക് ഇറക്കാനും, ഭൂഗർഭ ജലത്തിന്റെ തോത് ഉയർത്താനും പ്രദേശത്തെ നീർച്ചാലുകളുടെ പുനരുജ്ജീവനവുമാണ് പദ്ധതിയുടെ ലക്ഷ്യം. അതിനോടൊപ്പം ജലക്ഷാമത്തിൽ നിന്നും ശാശ്വത പരിഹാരം കാണുന്നതിനും  പദ്ധതി സഹായകമാകുന്നു. നീരുറവ് എന്ന പേരിലുള്ള സംസ്ഥാന പദ്ധതി ആധുനിക സാങ്കേതികവിദ്യയും പാരമ്പര്യരീതിയും സമന്വയിപ്പിച്ച് നീർത്തടത്തിൽ അധിഷ്ഠിതമായാണ് ആസൂത്രണം ചെയ്യുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ജില്ലയിൽ ഒരു പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി നീർത്തടം കണ്ടെത്തി അതിർത്തി നിർണയിച്ചിട്ടുണ്ട്. പ്രാഥമിക യോഗം നടത്തി നീർത്തടത്തിന്റെ അതിരുകൾ, ചാലുകളുടെ വിവരം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. നീർത്തടത്തിൽ അധിഷ്ഠിതമായ പദ്ധതിയുടെ ഭാഗമായി ജനങ്ങളുടെ ജീവിത നിലവാരം ഉയരാനും ഇടയാക്കും. കൂടാതെ പ്രദേശത്തെ വ്യക്തിഗത ആസ്തികളായ പശുതൊഴുത്ത്, കോഴിക്കൂട്, തീറ്റപുൽകൃഷി, ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് സംവിധാനം തുടങ്ങിയ ആനുകൂല്യങ്ങൾ അർഹതപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കി കൊണ്ട് കാർഷികവും തൊഴിൽപരവുമായ മേഖലയെ സഹായിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

 

 

date