Skip to main content

കോട്ടയത്തെ മികവിലെത്തിച്ച് ജില്ലാ പഞ്ചായത്ത്  പ്രസിഡന്റിന്റെ പടിയിറക്കം

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കോട്ടയം ജില്ലയെ പദ്ധതി നിര്‍വ്വഹണത്തില്‍ മുന്നിലെത്തിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍ പടിയിറങ്ങി. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അവസാനത്തെ ഡിപിസി യോഗം സ്പില്‍ ഓവര്‍ പദ്ധതികളടക്കം നാല് പഞ്ചായത്തുകളിലെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. നാല്‍പത്തി മൂന്ന് പഞ്ചായത്തുകള്‍ പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിച്ചു. ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിന്റെ സിവില്‍ ജോലികള്‍ പൂര്‍ത്തിയായതായും ഓഫീസ് കാബിനുകള്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനു ചുമതല നല്‍കുന്ന പ്രെപ്പോസല്‍ സമിതി അംഗീകരിച്ചു.

വയനാടിനു (18.22 %) പിന്നാലെ 11.34 % പദ്ധതി തുക ചെലവൊഴിച്ച് കോട്ടയം ജില്ല ഈ സാമ്പത്തിക വര്‍ഷം രണ്ടാം സ്ഥാനത്തെത്തിയതായി സഖറിയാസ് കുതിരവേലി പറഞ്ഞു. ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന വലിയ കൂട്ടായ്മയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തന ഫലമാണ് ഈ മികവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ പഞ്ചായത്തിന്റെ ക്ഷീര വര്‍ദ്ധിനി പദ്ധതി സംസ്ഥാന്നത്തിന് തന്നെ മാതൃകയാണ്. വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഏബിള്‍ കോട്ടയം പദ്ധതി, ഉണര്‍വ് ,സകൂളു കളിലെ ജൈവ പച്ചക്കറി കൃഷി എന്നിവ വിജയകരമായി നടപ്പാക്കി. ഓരോ നിയോജക മണ്ഡലത്തിലെയും ഹൈടെക് ആക്കുന്നതിനും സകൂളുകളില്‍ ലേഡീസ് ഫ്രണ്ട് ലി ടോയ്‌ലറ്റുകള്‍, സിസിടിവി സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു കഴിഞ്ഞു. ഓരോ ഡിവിഷനിലും ഒരു സ്ത്രീ സൗഹൃദ ടോയ് ലറ്റ് ഉണ്ടായിരിക്കണമെന്ന പ്രപ്പോസലിന് അംഗീകാരമായിട്ടുണ്ട്. കോളനി വികസനം, റോഡ് നവീകരണം, കുടിവെള്ള പദ്ധതി തുടങ്ങിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് മാതൃകയായി. കോട്ടയത്തെ സ്ത്രീ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള ജന്‍ഡര്‍ പാര്‍ക്കിന് സ്ഥലം കണ്ടെത്തി. സ്വന്തമായി സ്ഥലമുളള എല്ലാ അങ്കണവാടികള്‍ക്കും പുതിയ കെട്ടിടത്തിനായി തുക വകയിരുത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ പത്താംതര തുല്യതാ ജില്ലയായി കോട്ടയത്തെ മാറ്റാന്‍ മിഷന്‍ 20-20 ലൂടെ കഴിഞ്ഞു. സമ്പൂര്‍ണ്ണ മാലിന്യ മുക്ത ജില്ല എന്ന സ്വപ്നത്തിന് മീനച്ചിലാര്‍ - മീനന്തലയാര്‍ -കൊടൂരാര്‍ സംയോജന പദ്ധതിയിലൂടെ തുടക്കമിടാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യനും ഇന്നലെ രാജിവെച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി, പ്ലാനിങ്ങ് ഓഫീസര്‍ ടെസ് പി. മാത്യു, ഡി പി സി അംഗങ്ങളായ ബെറ്റി റോയ്, സണ്ണി പാമ്പാടി, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, കല മങ്ങാട്ട്, ശോഭ, കെ രാജേഷ്, ഡിപിസി നോമിനി എം.പി സന്തോഷ് കുമാര്‍, ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

                                                      (കെ.ഐ.ഒ.പി.ആര്‍-1207/18)

date