Skip to main content

പ്രാദേശിക രുചി മധുരമൊരുക്കി കുടുംബശ്രീ പലഹാര മേള

പ്രാദേശിക രുചിമധുരമൊരുക്കി കുടുംബശ്രീ ജില്ലാ മിഷന്‍. സ്വയം പര്യാപ്ത ഗ്രാമം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലയിലെ 42 സി.ഡി.എസുകളിലും കുടുംബശ്രീ പലഹാര ഫെസ്റ്റ് നടത്തി വരികയാണ്.  ഗുണമേന്മയും മായം കലരാത്തതും പരമ്പരാഗതവും നൂതനവുമായ നിരവധി മധുര പലഹാര, ബേക്കറി ഉല്‍പ്പന്നങ്ങള്‍ ജില്ലയിലെ വിവിധ അയല്‍ക്കൂട്ട വനിതാ സംരംഭങ്ങളില്‍ നിന്നും പലഹാര ഫെസ്റ്റിലേക്ക് എത്തുന്നു.
ഫെസ്റ്റിലൂടെ ജില്ലയിലെ കുടുംബശ്രീ പലഹാര യൂണിറ്റുകള്‍ക്ക് മികച്ച വിപണന സാധ്യതയാണ് ലഭിക്കുന്നത്. പലഹാരങ്ങള്‍ പൊതുജനങ്ങളിലേക്കും അനുബന്ധ വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തിക്കുന്നതോടൊപ്പം സംരംഭകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പ് വരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഭക്ഷ്യ സുരക്ഷാ നിയമങ്ങളും ഉല്‍പാദന പ്രോട്ടോക്കോളും ഉറപ്പ് വരുത്തി സംഘടിപ്പിക്കുന്ന ഫെസ്റ്റിന് വലിയ സ്വീകാര്യതയാണ് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നത്.  
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഒരാഴ്ച കാലം വിവിധ സി.ഡി.എസുകളില്‍ നടത്തുന്ന ഫെസ്റ്റിന്റെ ജില്ലാ ഉദ്ഘാടനം മടിക്കൈയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന കാസര്‍കോടിന്റെ തനത് പലഹാരങ്ങള്‍, വിവിധതരം പായസങ്ങള്‍, ഓരോ കുടുംബശ്രീ യൂണിറ്റുകളിലും ഉത്പാദിപ്പിക്കുന്ന വിവിധ തരം ഉത്പന്നങ്ങള്‍ തുടങ്ങി വിവിധ ആകര്‍ഷണങ്ങളാണ് മേളയിലുള്ളത്. ഓരോ ദിവസവും വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുക്കുന്ന കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തിലാണ് മേളയില്‍ ഭക്ഷ്യോത്പന്നങ്ങളുടെ വില്‍പ്പനയും പ്രദര്‍ശനവും ഒരുക്കിയിരിക്കുന്നത്.
 

date