Skip to main content

കോവിഡ് മരണം നിർണയിക്കാൻ ജില്ലാതല സമിതി രൂപീകരിച്ചു

സർക്കാർ കണക്കിൽ ഇല്ലെങ്കിൽ അപ്പീൽ സമർപ്പിക്കാം

ജില്ലയിലെ കോവിഡ്-19 മരണം നിർണയിക്കാനും പരാതികൾ പരിശോധിക്കാനുമായി സർക്കാർ മാർഗനിർദേശ പ്രകാരം ജില്ലാതല സമിതി (കോവിഡ്-19 ഡെത്ത് അസർടെയിനിംഗ് കമ്മിറ്റി-സിഡാക്) രൂപീകരിച്ച് ജില്ലാ ദുരന്ത നിവാരണ സമിതി ചെയർപേഴ്‌സനായ ജില്ലാ കളക്ടർ ഭണ്ഡാരി സ്വഗത് രൺവീർ ചന്ദ് ഉത്തരവിറക്കി. കോവിഡ്-19 മരണം സംബന്ധിച്ച ഔദ്യോഗിക രേഖകൾ നൽകാനുള്ള ചുമതല ഈ സമിതിക്കായിരിക്കും.
എ.ഡി.എം എ.കെ. രമേന്ദ്രൻ ചെയർമാനായ സമിതിയുടെ കൺവീനർ ഡി.എം.ഒ (ഹെൽത്ത്) ഇൻ ചാർജ് ഡോ. ഇ. മോഹനൻ ആണ്. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എ.ടി. മനോജ്, കാസർകോട് ഗവ. മെഡിക്കൽ കോളജ് മോഡേൺ മെഡിസിൻ വകുപ്പ് മേധാവി ഡോ. ആദർശ്, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസറും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. നിർമ്മൽ എന്നിവർ അംഗങ്ങളാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പ്രകാരമായിരിക്കും കമ്മിറ്റിയുടെ പ്രവർത്തനമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
കോവിഡ്-19 മരണം സംബന്ധിച്ച രേഖയ്ക്കാുള്ള അപേക്ഷ, അപ്പീൽ, പരാതി ഈ സമിതിക്കാണ് സമർപ്പിക്കേണ്ടത്. ഇതിനുള്ള ലിങ്ക്: https://covid19.kerala.gov.in/deathinfo/
മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കൾക്ക് ഈ ലിങ്കിൽ കയറി മരിച്ചയാളുടെ പേര് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച കോവിഡ്-19 മരണത്തിന്റെ കണക്കിൽ ഉണ്ടോ എന്ന് പരിശോധിക്കാം. ഉണ്ടെങ്കിൽ മരിച്ചയാളുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിനുള്ളഅപേക്ഷ ജില്ലാ കളക്ടർക്ക് നൽകാം. ഡിസാസ്റ്റർ മാനേജ്‌മെൻറ് വകുപ്പിന്റെ മാർഗനിർദേശ പ്രകാരം അപേക്ഷ നൽകണം. നിലവിൽ ലഭിച്ച ഡെത്ത് ഡിക്ലറേഷൻ സ്‌റ്റേറ്റ്‌മെൻറിന് പുറമെ ഒരു രേഖ കൂടി ആവശ്യം ഉണ്ടെങ്കിൽ ബന്ധുക്കൾക്ക് ഈ ലിങ്കിൽ 'ഇഷ്യു ഓഫ് സർട്ടിഫിക്കറ്റ് ഇൻ ദി ന്യൂ ഫോർമാറ്റ്' എന്ന ലിങ്കിൽകയറി അപേക്ഷിക്കാം.
മരിച്ചയാളുടെ പേര് പട്ടികയിൽ ഇല്ലെങ്കിലോ പേരിൽ തിരുത്തുണ്ടെങ്കിലോ വെബ്‌സൈറ്റിലെ അപ്പീൽ ഒപ്ഷനിൽ ക്ലിക്ക് ചെയ്ത് അപ്പീൽ നൽകാം. ഇതിന്റെ കാരണം വ്യക്തമാക്കണം. ഇത്തരത്തിൽ അപേക്ഷ നൽകാൻ താഴെ പറയുന്ന രേഖകൾ ആവശ്യമാണ്.
1. തദ്ദേശ സ്ഥാപനം നൽകുന്ന ജനന, മരണ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ. ഇതിന്റെ സോഫ്റ്റ് കോപ്പി അപ്‌ലോഡ് ചെയ്യാനായി.
2. മരിച്ചയാളുടെ പേര്, വയസ്സ്, ലിംഗം
3. മെഡിക്കൽ രേഖകളിൽ നൽകിയ മൊബൈൽ നമ്പർ
4. പേര്, സംസ്ഥാനം, ജില്ല, തദ്ദേശ സ്ഥാപനം, വാർഡ്/ഡിവിഷൻ
5. സംസ്ഥാനം, ജില്ല, മരണം സംഭവിച്ച തീയതി, സ്ഥലം
6. മരണം നടന്ന സ്ഥാപനം/ആശുപത്രി
7. ഹോസ്പിറ്റൽ അഡ്മിഷൻ നമ്പർ (ഐ.പി നമ്പർ) ലഭ്യമെങ്കിൽ മാത്രം. ഇത് നിർബന്ധമല്ല.
8. മരണം നടന്നത് വീട്ടിലാണെങ്കിൽ മരണം റിപ്പോർട്ട് ചെയ്ത ആശുപത്രി, അല്ലെങ്കിൽ മരണം നടന്നിട്ട് കൊണ്ടുപോയ ആശുപത്രി
9. മരണം നടന്നത് വീട്ടിലാണെങ്കിൽ ആശുപത്രിയിൽ ചികിൽസിച്ച ഡോക്ടറുടെ പേര്
10. കോവിഡ്-19 മരണം സംബന്ധിച്ച രേഖയ്ക്ക് അപേക്ഷിക്കുന്ന ബന്ധുവിൻെ പേര്, ഫോൺ നമ്പർ, സാധുവായ സർക്കാർ ഐ.ഡി (സോഫ്റ്റ് കോപ്പി)
 

date