Skip to main content

ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ സമൂഹത്തിനായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

 

 

  എറണാകുളം: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികൾക്ക് വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും പൊതു, സ്വകാര്യ ആശുപത്രികളിൽ നിന്നും മികച്ച സേവനം ഉറപ്പാക്കുന്നതിനായി വിവിധ തലങ്ങളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിന്‍റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, പോലീസ് വിഭാഗത്തിനും, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് ഇടയിലും പ്രത്യേക ബോധവത്ക്കരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് നിര്‍ദ്ദേശം നല്‍കി. 

   ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവരുടെ പരാതികള്‍ പരിശോധിക്കുന്നതിനായി പോലീസ്  നോഡല്‍ ഓഫീസറുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്ജെന്‍റര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗം തീരുമാനിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ ഉള്‍പ്പെടെ  ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക കൗണ്‍ലിംഗ് പരിപാടികള്‍ക്കും രൂപം നല്‍കും. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ വിജയകരമായി നടത്തുന്ന വിവിധ സംരംഭങ്ങൾക്ക് കൂടുതല്‍ പ്രചാരണം നല്‍കും. 

   യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സുബൈര്‍ കെ.കെ, ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി നവാസ് ഇ.ഇ, എ.സി.പി ബിജി ജോര്‍ജ്,  വനിതാ സെല്‍ ഉദ്യോഗസ്ഥ വിന്‍സി പി.എസ്, ജില്ലാ  ശിശുസംരക്ഷണ ഓഫീസര്‍ സിനി കെ.എസ് എന്നിവര്‍ പങ്കെടുത്തു.

date