Skip to main content

തൃശൂരിലെ 28 വില്ലേജുകൾക്ക് ഒ.ഡി.എഫ് പ്‌ളസ് പദവി

തൃശൂരിൽ 28 വില്ലേജുകള്‍ക്ക് ഒ.ഡി.എഫ് പ്‌ളസ് പദവി. സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ രണ്ടാംഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകള്‍ കൈവരിക്കേണ്ട ഒ.ഡി.എഫ് പ്‌ളസ് പദവിക്കായുള്ള സെല്‍ഫ് ഡിക്‌ളറേഷനുകളാണ് വില്ലേജ് അടിസ്ഥാനത്തില്‍ നടത്തിയത്. 27 ഗ്രാമപഞ്ചായത്തുകളിലുള്ള 28 വില്ലേജുകളാണ് പദവിക്ക് അർഹരായത്. ശുചിത്വ മാലിന്യ സംസ്‌ക്കരണ രംഗത്ത് സര്‍ക്കാര്‍ നിർദേശിച്ച മാനദണ്ഡങ്ങള്‍ കൈവരിക്കുകയും ഇത് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയുമാണ് വില്ലേജുകള്‍ ഒ.ഡി.എഫ് പദവി നേടിയെടുത്തത്. വെളിയിട വിസര്‍ജ്ജന മുക്തമാക്കുക, ഖരദ്രവ മാലിന്യ സംസ്‌ക്കരണം ഉറപ്പുവരുത്തുക എന്നിവ കൈവരിച്ചു ഗ്രാമപഞ്ചായത്തുകളുടെ ശുചിത്വ സൂചിക ഉയര്‍ത്തുക എന്നതാണ് ഒഡിഎഫ് പ്‌ളസ് ലക്ഷ്യമാക്കുന്നത്. വീടുകളിൽ ഉപയോഗയോഗ്യമായ ശൗചാലയങ്ങള്‍ ഉറപ്പാക്കുക, പൊതുസ്ഥാപനങ്ങളില്‍ ശൗചാലയ സൗകര്യം ഏര്‍പ്പെടുത്തുക, പൊതുഇടങ്ങളിൽ മാലിന്യകൂമ്പാരങ്ങള്‍ ഉണ്ടാവാതെ സംരക്ഷിക്കുക, പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഖരദ്രവ മാലിന്യ സംസ്‌ക്കരണത്തിനുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കുക, ശുചിത്വ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കുക എന്നിവയാണ് ഒഡിഎഫ് പ്‌ളസ് പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍.

പഞ്ചായത്തുകൾ സ്വയം പ്രഖ്യാപിച്ചതിനുശേഷം ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തുന്ന ജില്ലാതല ടീമും കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന സംഘവും വിലയിരുത്തല്‍ നടത്തും.  ഒക്‌ടോബര്‍ 2ന് മുമ്പേ 20 വില്ലേജുകളെ ഈ പദവിലേക്ക് ഉയര്‍ത്തുക എന്നതായിരുന്നു ജില്ലയുടെ പ്രഖ്യാപിത ലക്ഷ്യം. അന്തിക്കാട് ബ്ലോക്കിലെ ചാഴൂര്‍, മണലൂര്‍, താന്ന്യം, കാരമുക്ക് വില്ലേജുകളും ചാലക്കുടി ബ്ലോക്കിലെ അതിരപ്പിള്ളി, കാടുക്കുറ്റി, കൊരട്ടി വില്ലേജുകൾ, ചേര്‍പ്പ് ബ്ലോക്കിലെ അവിണിശ്ശേരി വില്ലേജ്, ചാവക്കാട് ബ്ലോക്കിലെ പുന്നയൂര്‍ക്കുളം വില്ലേജ്, ചൊവ്വന്നൂര്‍ ബ്ലോക്കിലെ കാണിപ്പയ്യൂര്‍, കണ്ടാണശ്ശേരി, പോര്‍ക്കുളം, വേലൂര്‍ വില്ലേജുകൾ, ഇരിങ്ങാലക്കുടയിലെ കാറളം, കാട്ടൂര്‍ വില്ലേജുകൾ, കൊടകരയിലെ ആമ്പല്ലൂര്‍, തൃക്കൂര്‍ വില്ലേജുകൾ, മതിലകം ബ്ലോക്കിലെ പെരിഞ്ഞനം, പടിഞ്ഞാറെ വെമ്പല്ലൂര്‍ വില്ലേജുകൾ, മുല്ലശ്ശേരി ബ്ലോക്കിലെ എളവള്ളി, വെങ്കിടങ്ങ്, മുല്ലശ്ശേരി വില്ലേജുകളും, ഒല്ലൂക്കരയിൽ പാണഞ്ചേരി വില്ലേജ്, തളിക്കുളം ബ്ലോക്കിൽ തളിക്കുളം, വാടാനപ്പിള്ളി വില്ലേജുകൾ, വെള്ളാങ്കല്ലൂരിലെ പൂമംഗലം വില്ലേജ്, വടക്കാഞ്ചേരിയിൽ നിന്ന് വരവൂര്‍, തെക്കുംകര വില്ലേജുകൾ എന്നിവയാണ് ഒ.ഡി.എഫ് പ്‌ളസ് പദവിക്ക് അർഹമായ ജില്ലയിലെ  വില്ലേജുകൾ.

 

date