Skip to main content

കാടിനെ അറിഞ്ഞൊരു യാത്ര, ജംഗിൾ സഫാരി 9 മുതൽ

കാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി  ജംഗിൾ സഫാരി. അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡിഎംസിയുടെ മലക്കപ്പാറ ജംഗിൾ സഫാരിയാണ് പുനരാരംഭിക്കുന്നത്. കാടിനെയും കാട്ടു മൃഗങ്ങളെയും അടുത്തറിയാനും  ആസ്വദിക്കാനുമുള്ള  അവസരം ഒരുക്കുകയാണ് മലക്കപ്പാറ ജംഗിൾ സഫാരി. വൈവിദ്ധ്യം കൊണ്ടും മനം മയക്കുന്ന കാഴ്ച്ചകൾ കൊണ്ടും സമ്പന്നമായ പശ്ചിമഘട്ട മഴക്കാടുകളായ വാഴച്ചാൽ, ഷോളയാർ വനമേഖലയിൽ കൂടിയാണ് യാത്ര. വനപാതയിലൂടെ 90 കി.മി നീളുന്ന യാത്ര സഞ്ചാരികൾക്ക് പുത്തൻ അനുഭവമാകും. ഒക്ടോബർ 9 ന് രാവിലെ 8 മണിക്ക് ചാലക്കുടി പിഡബ്ലിയുഡി റസ്റ്റ്‌ ഹൗസിൽ നിന്ന് ആരംഭിക്കുന്ന സഫാരി ആദ്യം എത്തുന്നത് വിനോദ സഞ്ചാര മേഖലയുടെ കവാടമായ തുമ്പൂർമുഴിയിലാണ്. ഇവിടെ ചാലക്കുടി പുഴയിൽ തൃശൂരിനെയും എറണാകുളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലമുണ്ട്. പിന്നെ ശലഭോദ്യാനം. അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, പെരിങ്ങൽ കൂത്ത്, ഷോളയാർ ഡാമുകൾ, ആനക്കയം, വാച്ച് ടവർ എന്നിവയും സഞ്ചാരികൾക്ക് ആസ്വദിക്കാം. തേയില തോട്ടങ്ങൾ നിറഞ്ഞ മലക്കപ്പാറ ഹിൽ സ്റ്റേഷനാണ് മറ്റൊരു ആകർഷണം. യാത്രയിൽ വിഭവ സമൃദ്ധമായ രുചികൾ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ശീതികരിച്ച വാഹനമാണ് യാത്രയ്ക്ക്. യാത്രയിൽ ഗൈഡിന്റെ സേവനവും ലഭ്യമാണ്.
ഒരാൾക്ക് 1200/-രൂപ ആണ് ഈടാക്കുന്നത്. എൻട്രൻസ് പാസ്, കുടിവെള്ളം, ബാഗ്, കിറ്റുകൾ എന്നിവ ഉൾപ്പെട്ടതാണ് ചാർജ്. യാത്രയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ അവസരമുണ്ട്. ബുക്കിങ് നമ്പർ : 0480-2769888, 9497069888.

 

 
date