പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സ്റ്റാര്‍ട്ട് അപ്പ് വായ്പ പദ്ധതി ആരംഭിക്കുന്നു
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ വായ്പാ പദ്ധതികളുടെ യോഗ്യത മാനദണ്ഡങ്ങളും വായ്പാ നിബന്ധനകളും ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുന്ന വിധം പരിഷ്‌കരിക്കാന്‍ കോര്‍പ്പറേഷന്റെ ഭരണ സമിതിയോഗം തീരുമാനിച്ചു പുതിയ സംരംഭകര്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ട് അപ് യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിനനുസൃതമായി സംസ്ഥാനത്തെ പട്ടികവിഭാഗത്തില്‍പ്പെട്ട യുവസംരംഭകരുടെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകത്വം വളര്‍ത്തുന്നതിനും വേണ്ടി 50 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതി ആരംഭിക്കുന്നു. കൂടാതെ പട്ടികജാതിയില്‍പ്പെട്ട ഭൂ രഹികരായ കര്‍ഷക തൊഴിലാളികളെ ഭൂവുടമകളാക്കുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞത് 30 സെന്റ് കൃഷിഭൂമി വാങ്ങുവാന്‍ അഞ്ച് ലക്ഷം രൂപ വരെ പദ്ധതി തുകയുളള പുതിയ കൃഷിഭൂമി വായ്പാ പദ്ധതി തുടങ്ങുവാനും തീരുമാനിച്ചു. ഗുണഭോക്താക്കള്‍ക്ക് ഗുണകരമായ വിധം നിലവിലുളള വായ്പാ പദ്ധതികളില്‍ ഭേദഗതികള്‍ വരുത്തും. നിലവിലുളള മള്‍ട്ടിപര്‍പ്പസ് യൂണിറ്റ് വായ്പ തുക 10ലക്ഷം രൂപയില്‍ നിന്നും 50 ലക്ഷം രൂപയായി കൂട്ടും. വസ്തു ജാമ്യത്തിന് പകരം വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ രണ്ടും കൂടിയോ സ്വീകരിക്കുവാന്‍ തക്ക വിധം ജാമ്യവ്യവസ്ഥ ഭേദഗതി ചെയ്തു. പലിശ നിരക്ക് ആറ് ശതമാനം മുതല്‍ എട്ട് ശതമാനം വരെയാണ്. ബെനിഫിഷ്യറി ഓറിയന്റഡ് പദ്ധതി തുക രണ്ട് ലക്ഷം രൂപയില്‍ നിന്നും മൂന്ന് ലക്ഷം രൂപയാക്കി. വിവാഹ വായ്പ തുക രണ്ട് ലക്ഷത്തില്‍ നിന്നും 2.5 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചു. കുടുംബ വാര്‍ഷിക വരുമാന പദ്ധതി രണ്ട് ലക്ഷം രൂപയില്‍ നിന്നും മൂന്ന് ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുവാനും തീരുമാനിച്ചു. സര്‍ക്കാര്‍ ജിവനക്കാര്‍ക്കുളള വ്യക്തിഗത വായ്പാതുക ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചു. കുടുംബ വാര്‍ഷിക വരുമാനപരിധി ഒഴിവാക്കുവാനും തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള ഇരുചക്ര വാഹന വായ്പാ പദ്ധതിതുക അമ്പതിനായിരത്തില്‍ നിന്നും ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചു. കുടുംബ വാര്‍ഷിക വരുമാന പരിധി ഒഴിവാക്കി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള കാര്‍ വായ്പാ തുക അഞ്ച് ലക്ഷം രൂപയില്‍ നിന്നും ഏഴ് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. വായ്പാ പലിശ നിരക്ക് എട്ട് ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി കുറച്ചു. കുടുംബ വാര്‍ഷിക വരുമാന പരിധി ഒഴിവാക്കി. വായഹ വായ്പ പദ്ധതി ഓട്ടോറിക്ഷ, ടാക്‌സി, കാര്‍, ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെയുളള കമേഴ്‌സ്യല്‍ വാഹനങ്ങള്‍ വാങ്ങുവാനും വായ്പ നല്‍കുന്നതാണ്. പദ്ധതി തുക 2.25 ലക്ഷം രൂപയില്‍ നിന്നും പരമാവധി 10ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. പ്രൊഫഷണല്‍ സര്‍വ്വീസ പദ്ധതിയില്‍ പ്രൊഫഷണല്‍ യോഗ്യതയുളളവര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് വായ്പ നല്‍കുന്ന ഈ പദ്ധതിയുടെ വായ്പാ തുക 1.50 ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചു. പട്ടികജാതിയില്‍പ്പെട്ട കുറഞ്ഞ വരുമാനക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമായി പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പുതിയ ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിയും ആരംഭിക്കും.
- Log in to post comments