Skip to main content

ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു ; 77 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

കനത്തമഴയെ തുടർന്ന് ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നിലവിലെ അടിയന്തര സാഹചര്യത്തിൽ 5 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 77 കുടുംബങ്ങളെ  വിവിധയിടങ്ങളിലായി മാറ്റി പാർപ്പിച്ചു.  ഇതിൽ 105 പുരുഷന്മാരും 115 സ്ത്രീകളുമാണുള്ളത്.70 കുട്ടികളും വരുന്നു. മണ്ണിടിച്ചിലും വെള്ളത്തിന്റെ ഭീഷണിയും ഉള്ള പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ മാറ്റിപാർപ്പിച്ചിട്ടുള്ളത്. സ്ഥിതി വിലയിരുത്താൻ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിലാണ് താലൂക്ക് കൺട്രോൾ റൂം പ്രവർത്തനം നടന്നുവരുന്നത്. 

പരിയാരം പഞ്ചായത്തിൽ കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലേക്ക് നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പതിനൊന്ന് പേരാണ് ഇവിടെയുള്ളത്.
മംഗലൻ കോളനിയിൽ നിന്ന് പതിനെട്ട് കുടുംബങ്ങളെ പരിയാരം സെന്റ് ജോർജ്ജ് സ്കൂളിലേക്ക് മാറ്റി. കിഴക്കേ ചാലക്കുടി വില്ലേജിൽ കുട്ടാടപാടത്തുനിന്ന് ഒൻപത് കുടുംബങ്ങളെ തിരുമന്ധംകുന്ന് അമ്പല ഹാളിലേക്ക് മാറ്റി. കൂടപ്പുഴ സ്വാന്തനം വൃദ്ധ സദനത്തിൽ നിന്ന് പത്തു വനിതാ അന്തേവാസികളെ ഫാദർ ജോൺ വക അഗതിമന്ദിരത്തിലേക്ക് മാറ്റി. വെള്ളിക്കുളങ്ങര വില്ലേജിൽ കാരിക്കടവ് ആദിവാസി കോളനിയിലെ രണ്ട് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി.

മേലൂരിലെ ഡിവൈൻ കോളനിയിൽ നിന്ന് നാൽപതി രണ്ട് കുടുംബങ്ങളെ ഡിവൈൻ സെന്ററിലേക്ക് മാറ്റി. കോടശ്ശേരി കമ്മളം പ്രദേശത്തു നിന്ന് ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. കല്ലൂർ തെക്കും മുറി വില്ലേജിലെ വാളൂർ പള്ളി പരിസരത്തു നിന്ന് മൂന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ചാലക്കുടി മലക്കപ്പാറ സ്റ്റേറ്റ് ഹൈവേയിൽ പരിയാരം കാഞ്ഞിരപ്പള്ളി ഭാഗത്തു വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. കുറുമാലി പുഴയിൽ ആറ്റപ്പിള്ളി കടവിൽ പാലത്തിൽ പുഴയിലൂടെ  മരം ഒഴുകി വന്ന്  വെള്ളം പൊങ്ങിയിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഏനാമാവ് റെഗുലേറ്റർ വഴി വെള്ളം പൂർണമായും കടലിലേക്ക് ഒഴുക്കിവിടുന്നതിനാൽ തൃശൂർ നഗരത്തിൽ വെള്ളക്കെട്ട് സാധ്യതയില്ല. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ബന്ധപ്പെടേണ്ട നമ്പർ : 0480 2705800, 8848357472

date