Skip to main content

വിശ്വാസത്തിന്റെ പേരിൽ വാങ്ങിക്കുകയോ അർപ്പിക്കപ്പെടുകയോ ചെയ്ത വസ്തുവകകൾ മോഷണം ചെയ്യരുത്  : മന്ത്രി  വി. അബ്ദുറഹിമാൻ

 

വിശ്വാസത്തിന്റെ പേരിൽ വാങ്ങിക്കുകയോ അർപ്പിക്കപ്പെടുകയോ ചെയ്ത വസ്തുവകകൾ മോഷണം ചെയ്യരുത്. വഖഫ് സ്വത്തുക്കൾ അനർഹമായി കൈവശം വച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്ന്
കായിക - ഹജ്ജ് തീർത്ഥാടനം -  വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കലൂർ ഐഎംഎ ഹാളിൽ നടന്ന വഖഫ് ബോർഡിന്റെ ഏകദിന  ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

സംസ്ഥാനത്തെ വഖഫുകളും - വഖഫ് സ്വത്തുക്കളും സംരക്ഷിക്കുന്നതിനും സ്വത്ത് വകകൾ ജനങ്ങൾക്ക്  ഉപകാരപ്രദമാകുന്ന രീതിയിൽ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ് ബോർഡ് ലക്ഷ്യമിടുന്നത്.  അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുത്തു സംരക്ഷിക്കാൻ മുത്തവല്ലിമാരുടെ  സഹായം തേടണമെന്നും മന്ത്രി പറഞ്ഞു. 

ബോർഡിന് കീഴിലുള്ള ജമാഅത്തുകളും പള്ളികളും സംരക്ഷിക്കുന്നതോടെപ്പം സർവ്വേ - രജിസ്ട്രേഷൻ നടപടികളും കാര്യക്ഷമതയോടെ പൂർത്തിയാക്കും. സ്വത്ത് വകകൾ സംരക്ഷിക്കാൻ ബോർഡിന് കീഴിലുള്ള ഉദ്യോഗസ്ഥരും  ശ്രമിക്കണം. 

 വഖഫ് സ്വത്തുക്കളുടെ നിയമപരമായ സംരക്ഷണവും പരിപാലനവും ഉറപ്പാക്കൽ,  വഖഫ് നിയമങ്ങൾ, കമ്മറ്റികളുടെ തർക്ക പരിഹാരം, സർവ്വേ നടപടികൾ, സ്വത്ത് വിവരങ്ങൾ തുടങ്ങിയവ  പരിശോധനയ്ക്ക് വിധേയമാക്കി സുതാര്യതയോടും കൃത്യതയോടും നടപടികൾ പൂർത്തിയാക്കണം.  പള്ളികളിൽ കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നതിനും ജമാഅത്തുകളിലെ തർക്കങ്ങൾ പരിഹരിക്കപ്പെടുന്നതിനും വേണ്ട നടപടികളും സ്വീകരിക്കണം. വഖഫ് സ്വത്തുക്കൾ കണ്ടെത്താനുള്ള സർവ്വേ 8 ജില്ലകളിൽ പൂർത്തിയായി. സർവ്വേ നടപടികൾ വേഗത്തിലാക്കുന്നതിനായി ജില്ലാതല ഓഫീസർമാരെ ഉടൻ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. 
വഖഫ് ആക്ട് - നിയമങ്ങൾ , ചട്ടങ്ങൾ,  സാമൂഹിക പ്രവർത്തനങ്ങൾ, - സർക്കാരിന്റെ പ്രാതിനിധ്യം - വഖഫ് ബോർഡും ട്രൈബ്യൂണലും ; വഖഫ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ  എറണാകുളം അഡീഷണൻ ജില്ലാ ജഡ്ജി കെ. സോമൻ , അഡ്വ  എം.കെ മൂസക്കുട്ടി, ക്ലീൻ കേരള കമ്പനി സ്ഥാപക മാനേജിംഗ് ഡയറക്ടർ കബീർ ബി ഹാറൂൺ, റിട്ട. അഡീഷണൻ ലാന്റ് റവന്യൂ കമ്മീഷണർ പി.എൻ വേണു , മുൻ കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ റ്റി. എച്ച് അബ്ദുൾ അസീസ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

 സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ റ്റി.കെ ഹംസ അദ്ധ്യക്ഷത വഹിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ അബ്ദുൾ റഹീം മുഖ്യാതിഥിയായിരുന്നു. വ്യവസായ - വഖഫ് - സ്പോർട്സ് പ്രൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  ബി.എം ജമാൽ , ബോർഡ്  അംഗങ്ങളായ അഡ്വ എം ഷറഫുദ്ദീൻ ,  അഡ്വ പി വി സൈനുദ്ദീൻ , റസിയ ഇബ്രാഹീം, പ്രൊഫ. കെ.എം അബ്ദുൾ റഹീം,  സി.എം. അബ്ദുൾ ജബ്ബാർ ,  വഖഫ് ബോർഡ് ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.

date