Skip to main content

വായനാ പക്ഷാചരണത്തിന്  നാളെ തുടക്കമാകും     

പൊതു വിദ്യാഭ്യാസ വകുപ്പും ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ വകുപ്പും സംഘടിപ്പിക്കുന്ന വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
   രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി വായനാദിന സന്ദേശം നല്‍കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനാകും. പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രി, വിദ്യാരംഗം കലാസാഹിത്യ വേദി, ആര്‍എംഎസ്എ, എസ്എസ്എ, ഡയറ്റ് തുടങ്ങിയവരുടെ കൂടി സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്‌കൂളുകളിലും വായനശാലകളിലും പ്രത്യേക പരിപാടി സംഘടിപ്പിക്കും. 
   പിഎന്‍ പണിക്കാരുടെ ചരമദിനമായ ജൂണ്‍ 19ന് തുടങ്ങി ഐവി ദാസിന്റെ ജന്‍മദിനമായ ജൂലൈ എഴ് വരെയാണ് വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സ്‌കൂളുകളില്‍ എഴുത്ത് പെട്ടി, വനിതാ വേദിയുടെ നേതൃത്വത്തില്‍ വായനശാലകളില്‍ വായനാകൂട്ടം, സ്‌കൂള്‍ ലൈബ്രറി സജ്ജീകരിക്കല്‍, ലൈബ്രറികളില്‍ പുസ്തക പ്രദര്‍ശനം, അമ്മ വായന, ലഹരി വിരുദ്ധ സദസ്സ്, ലൈബ്രറികളിലേക്ക് പുസ്തകം സമാഹരിക്കുന്ന അക്ഷരഭിക്ഷ, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വായനാമല്‍സരം, പൊന്‍കുന്നം വര്‍ക്കി അനുസ്മരണം, വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം, എഴുത്ത് പെട്ടിയിലെ നല്ല വായനാ കുറിപ്പിന് സമ്മാനം നല്‍കല്‍ തുടങ്ങിയ പരിപാടികളും  സംഘടിപ്പിക്കും.
   വിദ്യാരംഗം കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍  ഉപജില്ലാ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് വായനാകുറിപ്പ് തയ്യാറാക്കല്‍ മല്‍സരം നടത്തും. മഹാത്മാ ഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് കുറിപ്പ് തയ്യാറാക്കേണ്ടത്. 26-28 തീയ്യതികളിലായി ഉപജില്ലാ മല്‍സരം നടത്തും. യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് മല്‍സരം. ഉപജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അഞ്ച് വീതം  വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള ജില്ലാതല മല്‍സരം ജൂലൈ ഏഴിന് നടക്കും. ജില്ലാതലത്തില്‍ ചിത്ര രചനാമല്‍സരവും ജൂലൈ ആദ്യ വാരം നടക്കും. ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന എല്‍പി, യുപി, വനിതാ വായനാമല്‍സരത്തിന്റെ പ്രാഥമിക തലം ജൂലൈ 7 ന് ആരംഭിക്കും. ഓപ്പണ്‍ ചോദ്യമാണ് പ്രാഥമികതലത്തില്‍ നല്‍കുക. 

date