Skip to main content

'കരുതലോടെ മുന്നോട്ട്'; ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കോവിഡ് സാഹചര്യത്തില്‍ അടഞ്ഞു കിടന്ന സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുമ്പോള്‍ വലിയ രീതിയിലുള്ള മുന്‍കരുതലുകളാണ് സര്‍ക്കാര്‍ എല്ലാ രംഗത്തും എടുത്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഈ അവസരത്തിലാണ് ഹോമിയോപ്പതി വിഭാഗം വികസിപ്പിച്ചെടുത്ത ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ഹോമിയോ ഡോക്ടര്‍മാര്‍ ഈ ദൗത്യം വളരെയധികം ഉത്സാഹത്തോടെ ഏറ്റെടുത്തിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പദ്ധതി വിജകരമായി മുന്നോട്ടു പോകട്ടെയെന്നും മന്ത്രി ആംശസിച്ചു.
 

സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആയുഷ് ഹോമിയോപ്പതി വകുപ്പ് നടത്തുന്ന പദ്ധതിയാണ് പ്രതിരോധ മരുന്ന് വിതരണം. പദ്ധതി പ്രകാരം  എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പല ഘട്ടങ്ങളിലായി 21 ദിവസ ഇടവേളയില്‍ കോവിഡ് 19 പ്രതിരോധത്തിനായി ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് നല്‍കും. ആദ്യഘട്ട വിതരണം മൂന്ന് ദിവസങ്ങളിലായി (ഒക്ടോബര്‍ 25,26,27) രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാലുവരെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗവ. ഹോമിയോപ്പതി ഡിസ്‌പെന്‍സറികള്‍, ആശുപത്രികള്‍ വഴി നടത്തും.  ഇതിനായി പ്രത്യേകം തയ്യാറാക്കിയ വെബ് പോര്‍ട്ടലായ (https://ahims.kerala.gov.in/)/മൊബൈല്‍ ആപ് മുഖേന കുട്ടിയുടെയോ രക്ഷിതാവിന്റെയോ അധ്യാപകന്റെയോ  ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുകയും സൗകര്യപ്രദമായ ഒരു വിതരണ കേന്ദ്രം തെരഞ്ഞെടുക്കുകയും ചെയ്യാം.   രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അറിയിക്കുന്ന നിശ്ചിത തീയതിയില്‍ വിദ്യാര്‍ഥിയോ രക്ഷിതാവോ നേരിട്ടെത്തി അനുവദിച്ചു തന്നിട്ടുള്ള  സ്ഥാപനത്തില്‍ നിന്നും മരുന്ന് വാങ്ങാം.  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്‌പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ലഭിക്കും. മാതാപിതാക്കളുടെ സമ്മതപത്രം ലഭിച്ച ശേഷം മാത്രമാണ് രജിസ്ട്രേഷന്‍ നടത്തുക. ഒക്ടോബര്‍ 27ന് ശേഷവും രജിസ്റ്റര്‍ ചെയ്യാം.  അധ്യാപകര്‍ക്ക് ഒരുമിച്ച് എത്ര കുട്ടികള്‍ക്കാണ് മരുന്ന് വേണ്ടതെങ്കില്‍ രജിസ്റ്റര്‍ ചെയ്ത് മരുന്ന് വാങ്ങാം.    സ്‌കൂളുകള്‍ തുറന്ന ശേഷമാണ് മരുന്ന് വിതരണം. അഞ്ച് മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പദ്ധതി പ്രകാരം ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ നല്‍കുക. സ്‌കൂള്‍ തുറന്ന് മൂന്നാഴ്ചക്ക് ശേഷം വീണ്ടും മരുന്ന് നല്‍കും.
അധ്യായന വര്‍ഷം തീരുന്നതുവരെ മരുന്ന് നല്‍കാനാണ് തീരുമാനമെന്നും അതുവരെ കുട്ടികള്‍ക്ക് മരുന്ന് നല്‍കാനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്നും ഹോമിയോ വിഭാഗം ഡി.എം.ഒ  ഡോ. റംലത്ത് കുഴിക്കാട്ടില്‍ പറഞ്ഞു. ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ നല്‍കുന്നത് വഴി കുട്ടികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ 1,222 വിദ്യാലയങ്ങളിലായി ആറ് ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. ആര്‍സ് ആല്‍ബ് 30 എന്ന ഗുളിക രൂപത്തിലുള്ള പ്രതിരോധമരുന്ന് നല്‍കുന്നത്. മൂന്ന് ഗുളികകള്‍ അടങ്ങിയ സ്ട്രിപ്പായിട്ടാണ്  വിതരണം.
 

മുണ്ടുപറമ്പ് ജില്ലാ ഹോമിയോപ്പതി ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ നസീബ അസീസ് മരുന്ന് വിതരണം ചെയ്തു.  വാര്‍ഡ് കൗണ്‍സിലര്‍ ഒ.സഹദേവന്‍, നാഷനല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ.എ.എം. കബീര്‍, ഐ.എച്ച.്എം.എ അംഗം ഡോ.ടി.കെ.അന്‍വര്‍ റഹ്‌മാന്‍, ഐ.എച്ച്.കെ അംഗം ഡോ. ഷിഹാദ് അഹമ്മദ്, ഡോ. മുഹമ്മദ് ഫായിസ്, ജില്ലാ ഹോമിയോപ്പതി ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. പി.ബിനു ബായ്, ആശുപത്രി ജീവനക്കാര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date