Skip to main content

കുന്നംകുളം നഗരസഭയുടെ സമ്പൂർണ ശുചിത്വ യജ്ഞം ഇന്ന് (ഒക്ടോബർ 30) പൂർത്തിയാവും 

ശുചിത്വ മാലിന്യ സംസ്കരണ ഉപാധികൾ  വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ച് സമ്പൂർണ ശുചിത്വ പദവി നേടുക എന്ന ലക്ഷ്യത്തോടെ കുന്നംകുളം നഗരസഭ നടത്തുന്ന മാലിന്യ സംസ്കരണ യജ്ഞം ഇന്ന് (ഒക്ടോബർ 30) പൂർത്തിയാവും. സമ്പൂർണ ശുചിത്വ നഗരസഭയാക്കുക എന്ന ലക്ഷ്യത്തോടെ  വാർഡുകളിൽ നടപ്പിലാക്കുന്ന "നല്ല വീട് നല്ല നഗരം" പദ്ധതി വഴി മൂന്ന് വാർഡുകൾ കൂടി ഇന്ന് സമ്പൂർണ ശുചിത്വ വാർഡുകളാവുന്നതോടെ സമ്പൂർണ ശുചിത്വ നഗരസഭയായി കുന്നംകുളം മാറും. 

നഗരസഭയിലെ 37 വാർഡുകളിൽ 34 എണ്ണമാണ് സമ്പൂർണ ശുചിത്വ വാർഡുകളായി പ്രഖ്യാപിച്ചത്. മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നതിന് ആവശ്യമായ ബയോഡൈജസ്റ്റർ ബിൻ, ബയോഗ്യാസ് പ്ലാൻ്റ് മുതലായവ  വാർഡുകളിലെ വീടുകളിൽ ഉൾപ്പെടെ സ്ഥാപിക്കുകയാണ് ലക്ഷ്യം. നഗരസഭയിലെ 37 വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 

പദ്ധതിയോടൊപ്പം പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ  ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി വീടുകൾ,  സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഹരിത കർമസേന വഴി മാലിന്യശേഖരണവും നടന്നു വരുന്നുണ്ട്. "മാലിന്യം സംസ്കരിക്കൂ പണം നേടൂ " എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ച് മുഴുവൻ ആളുകളെയും ഈ പരിപാടിയിൽ പങ്കാളികളാക്കുകയാണ് നഗരസഭയുടെ മറ്റൊരു ലക്ഷ്യം.  ഭൂമിയുടെ സന്തുലിതാവസ്ഥ നില നിർത്താൻ, വരും തലമുറയ്ക്ക് 'ശുദ്ധമായ വായു, വെള്ളം, മണ്ണ് എന്നിവ കൈമാറുക എന്ന ദൗത്യം ഏറ്റെടുത്ത് എണ്ണായിരത്തോളം വീടുകളും ആയിരത്തോളം കച്ചവട സ്ഥാപനങ്ങളും ഹരിത കർമസേനയുമായി സഹകരിച്ചും നഗരസഭ പ്രവർത്തിക്കുന്നുണ്ട്. 

നഗരസഭാ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് മാനേജ്മെന്റ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഹരിത ക‍ർമസേനയാണ് ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ  വിതരണം ചെയ്യുന്നത്. ഇവ ആവശ്യമുള്ളവർക്ക് ഹരിത കർമസേന വഴി പേര് രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

date