Skip to main content

"തിരികെ തലേന്ന്" : അതിജീവനത്തിന്റെ ഉത്സവവുമായി വിദ്യാഭ്യാസ വകുപ്പ്

ദീർഘകാലത്തെ അടച്ചിടലിന് ശേഷം വിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികൾക്ക് കളിചിരികളാൽ സമ്പന്നമായ സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് "തിരികെ തലേന്ന്" എന്ന പേരിൽ അതിജീവനത്തിൻ്റെ ഉത്സവവുമായി വിദ്യാഭ്യാസ വകുപ്പ്. പദ്ധതിയുടെ ഉദ്‌ഘാടനം ഒക്ടോബർ 31 ഉച്ചയ്ക്ക് 2ന് കണിമംഗലം എസ് എൻ ബോയ്സ് സ്കൂളിൽ റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിക്കും. 

സ്‌കൂളുകൾ തുറന്നാൽ ആദ്യത്തെ രണ്ടാഴ്ച അക്കാദമിക് അന്തരീക്ഷത്തിലേക്ക് കുട്ടികളെ കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് നടക്കുക. അതുമായി ബന്ധപ്പെട്ട അക്കാദമിക് മാർഗരേഖ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പാട്ടും കഥയും നിറയുന്ന അന്തരീക്ഷത്തിലേക്കാണ് കുട്ടികൾ വന്നെത്തുക. കുട്ടികളിലും രക്ഷിതാക്കളിലും ആത്മവിശ്വാസവും ജാഗ്രതയും ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ്  "തിരികെ തലേന്ന്" എന്ന പരിപാടി സംഘടിപ്പിക്കുന്നത്. 

തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാകും. സ്വാമി ശുഭാംഗാനന്ദ, ഡോ.സി രാവുണ്ണി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, രാധിക സനോജ് എന്നിവർ പങ്കെടുക്കും. 'തൈവ മക്കൾ' അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും ഉണ്ടാകും. 

പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഡിവിഷൻ കൗൺസിലർ ജയപ്രകാശ് പൂവ്വത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദന മോഹനൻ മുഖ്യാതിഥിയായി. തൃശൂർ വിദ്യാഭ്യാസ ഓഫീസർ പി വി മനോജ് കുമാർ, തൃശൂർ വെസ്റ്റ് എ.ഇ.ഒ അജിതകുമാരി എ കെ, എൽ കെ ഷീജ, സി ബി ബൈജു, സി ആർ സുരേഷ്, രജീഷ് സി ബി, വി ജി സുരേഷ് എന്നിവർ പങ്കെടുത്തു.

date