Skip to main content

അസംഘടിത തൊഴിലാളി രജിസ്‌ട്രേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍

 

അസംഘടിത തൊഴിലാളികള്‍ക്കായുള്ള ഇ-ശ്രാം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ തൊഴിലാളി യൂണിയനുകളും   വിവിധ തൊഴിലാളി  ക്ഷേമനിധി ബോര്‍ഡ് ഭാരവാഹികളും നേതൃത്വം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി  ജോഷി  പറഞ്ഞു. ഇ-ശ്രാം രജിസ്‌ട്രേഷന്റെ  ഫലപ്രദമായ നടത്തിപ്പിന്  തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ജില്ലയില്‍ ഏകദേശം 12000 ത്തോളം പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അസംഘടിത തൊഴിലാളികള്‍ക്ക്  സാമ്പത്തിക സഹായം നല്‍കുക, സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുക, കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുക, ഇന്‍ഷുറന്‍സ് കവറേജ് നല്‍കുക  തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രസര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ആവിഷ്‌കരിച്ചത്. 16 മുതല്‍ 59 വയസ്സ് വരെയുള്ള തൊഴിലാളികള്‍ക്ക് ഇ-ശ്രാം  പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. മൊബൈലുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും വിരലടയാളം നല്‍കിയും  രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ജില്ലയിലെ കോമണ്‍ സര്‍വീസ് സെന്ററുകളും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും രജിസ്‌ട്രേഷന്‍ നടത്താം . അംഗീകൃത കോമണ്‍ സര്‍വീസ് സെന്ററുകളില്‍ രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമാണ്. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് നമ്പര്‍, റേഷന്‍ കാര്‍ഡ്, ഇലക്ട്രിസിറ്റി ബില്ല്, മൊബൈല്‍ നമ്പര്‍ എന്നിവ രജിസ്‌ട്രേഷന് ആവശ്യമാണ്.   ഡിസംബര്‍ 30 നകം ജില്ലയിലെ മുഴുവന്‍ തൊഴിലാളികളുടെയും  രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു.

ജില്ലയിലെ നാനൂറോളം കോമണ്‍ സര്‍വീസ് സെന്ററുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് എട്ട് വരെ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള സൗകര്യം സൗജന്യമായി ലഭിക്കുമെന്ന് കോമണ്‍ സര്‍വീസ് സെന്റര്‍ ജില്ലാ  മാനേജര്‍ അബ്ദുല്‍ ഷുക്കൂര്‍ യോഗത്തില്‍ അറിയിച്ചു.

എ.ഡി.എം കെ.മണികണ്ഠന്‍,  ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.എം സുനില്‍, കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ ജില്ലാ പ്രോജക്റ്റ് മാനേജര്‍  ടി. തനൂജ്, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍  യോഗത്തില്‍ പങ്കെടുത്തു.

date