പി.എന്‍.പണിക്കര്‍ വയനാലോകത്തെ ഒറ്റയാള്‍ പട്ടാളം: സേതു
കൊച്ചി: അക്ഷരം വായിക്കണമെന്നു പറഞ്ഞ് ഗ്രാമങ്ങള്‍ കയറിയിറങ്ങിയ പി.എന്‍. പണിക്കര്‍ വായനയുടെ ലോകത്തെ ഒറ്റയാള്‍ പട്ടാളമായിരുന്നുവെന്ന് സാഹിത്യകാരന്‍ സേതു. വായനാദിനത്തില്‍ ആലുവ താലൂക്ക് സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സ്മരണിക ദ്യുതി ' 2018 ന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വായനാദിനം ജില്ല കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്തു.
നൂറു ശതമാനം സാക്ഷരത നേടിയെന്നത് കേരളത്തിന് അഭിമാനകരമാണ്. ഇതെല്ലാം നേടിയതിന്റെ അടിത്തറ വായനയാണ്. വായനയുടെ കാര്യത്തില്‍ കേരളം ലോകത്തിനു മാതൃകയാണ്. ഗ്രാമീണ വായനശാല പ്രസ്ഥാനം മറ്റെങ്ങുമില്ല. കേരളത്തില്‍ 7000 വായനശാലകളുണ്ട്. ഇവക്കെല്ലാം സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നു. ലൈബ്രേറിയന്‍മാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നു. ഇത് അവിശ്വസനീയമാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്രയധികം വികസിച്ച ഗ്രാമീണ വായനാശാല കൂട്ടങ്ങളില്ല. പല വായനശാലകള്‍ക്കും അന്‍പതും അറുപതും വയസായി. പി.എന്‍. പണിക്കര്‍ എന്ന മഹാരഥനാണ് ഇതിന് തുടക്കം കുറിച്ചതെന്നും സേതു ഓര്‍മിച്ചു.
ഇ- വായനയും ഇ-ബുക്കുകളുടെ വ്യാപനവും നിരുത്സാഹപ്പെടുത്തേണ്ട കാര്യമില്ലെന്നും സേതു പറഞ്ഞു. പുതിയ ലോകത്തെയും പുതിയ കാലത്തെയും കാണാനുള്ള കണ്ണുണ്ടാകണം. ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും 35 വയസില്‍ താഴെയാണ്. വായന കുറയുന്നുണ്ടായിരിക്കാം. ചെറുപ്പക്കാര്‍ ഉപകരണങ്ങളില്‍ കൂടി എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്. അത് നിരുത്സാഹപ്പെടുത്തേണ്ടതില്ല. കുട്ടികള്‍ വിവര സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതാണ് തടയേണ്ടത്. നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മുക്കിലും മൂലയിലും വൈഫൈ കണക്ഷനുള്ള മെക്‌സിക്കോ പോലുള്ള രാജ്യങ്ങളില്‍ ലൈബ്രറികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ഇ-റീഡിംഗ് അച്ചടി പുസ്തകങ്ങളെ ദോഷമായി ബാധിച്ചിട്ടില്ല എന്നു വേണം പറയാന്‍. പേന കൊണ്ട് എഴുതുന്നതിനേക്കാള്‍ ലാപ് ടോപില്‍ എഴുതുന്നതാണ് എളുപ്പമെന്നും സേതു പറഞ്ഞു. ഒടുവിലെഴുതിയ പല പുസ്തകങ്ങളും ലാപ് ടോപിലാണ് എഴുതിയത്. തിരുത്താനും അയക്കാനും എളുപ്പം ഇതു തന്നെ. എന്നാല്‍ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇബ ബുക്കുകളുടെ വ്യാപനം കുറഞ്ഞിട്ടുണ്ട്. അച്ചടിച്ച പുസ്തകങ്ങളും ഡിജിറ്റല്‍ പുസ്തകങ്ങളും പരസ്പര പൂരകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
വീടുകളില്‍ ലൈബ്രറികള്‍ ഒരുക്കണം. വിദേശ രാജ്യങ്ങളില്‍ ഇത് കാണാം. ലൈബ്രറി തയാറാക്കി അന്‍പതു പുസ്തകമെങ്കിലും വീട്ടില്‍ സൂക്ഷിക്കണം. അച്ഛനും അമ്മയും വായിക്കണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ കുട്ടികള്‍ ഈ അന്തരീക്ഷം കണ്ടുവേണം വളരാന്‍. സംസ്‌കാരം വളരണമെങ്കില്‍ പുസ്തകം വായിക്കണം. കുട്ടികളെമലയാള ഭാഷ പഠിപ്പിക്കുന്നതിലുള്ള അപകര്‍ഷതാ ബോധം മലയാളികള്‍ മാറ്റിയെടുക്കണം. തന്റെ കൊച്ചുമകന്‍ മലയാളത്തില്‍ സേതു എന്നെഴുതിയതാണ് തനിക്കു കിട്ടിയ ഏറ്റവും വലിയ സാഹിത്യ അവാര്‍ഡെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ കാലഘട്ടത്തെ വായന ഓര്‍മകള്‍ ജില്ല കളക്ടര്‍ ചടങ്ങില്‍ പങ്കുവച്ചു. ഇ -റീഡിംഗ് നല്ലതാണ്. പക്ഷേ പുസ്തകം വായിക്കാതെയാണ് പലരും കമന്റുകള്‍ ഇടുന്നത്. ആരും പുസ്തകം മുഴുവനും വായിക്കില്ല. ആദ്യം പോസ്റ്റു ചെയ്ത കമന്റിനു മറുപടിയായിരിക്കും പിന്നീടു വരുന്നത്. അത്തരത്തിലല്ലാതെ പ്രതിഭകൊണ്ടുള്ള വായന യുവാക്കളില്‍ വളരണമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ കൃതികളാണ് സ്മരണികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി.എന്‍.രാധാകൃഷ്ണനാണ് ചീഫ് എഡിറ്റര്‍. ചടങ്ങില്‍ ജീവനക്കാരുടെ വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയ മക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ 26 സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 26 കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി. ജീവനക്കാരുടെ ഇടയില്‍ നടത്തിയ വായനാ മത്സരത്തില്‍ വിജയിയായ സെയില്‍സ് ടാക്‌സ് ഓഫീസ് ജീവനക്കാരന്‍ മോഹനകൃഷ്ണന് ജില്ല കളക്ടര്‍ സമ്മാനം നല്‍കി. വിജി.എസിനാണ് രണ്ടാം സ്ഥാനം. ആലുവ തഹസില്‍ദാര്‍ കെ.ടി.സന്ധ്യാദേവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ പി.കെ.ബാബു, ഡെപ്യൂട്ടി കളക്ടര്‍ (ട്രെയിനി) മധു എന്നിവര്‍ പങ്കെടുത്തു.
- Log in to post comments