Skip to main content

കയര്‍ ഭൂവസ്ത്ര വിതാനം: ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു . ആറ്റിങ്ങല്‍ ചെമ്പകമംഗലത്തെ കണിമംഗലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടന്ന  സെമിനാര്‍ കയര്‍ വികസന വകുപ്പ് ഡയറക്ടറും ഫുഡ് സേഫ്റ്റി കമ്മീഷണറുമായ വി. ആര്‍ വിനോദ്  ഉദ്ഘാടനം ചെയ്തു. മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിന് ഏറ്റവും ഉചിതമായ മാര്‍ഗമാണ് കയര്‍  ഭൂവസ്ത്ര വിതാനം. കയറിന് വെള്ളത്തെ ആഗിരണം ചെയ്യാനും കനാലുകളെ  ബലപ്പെടുത്താനും സാധിക്കുന്നു . പ്രകൃതിയോട് ഇണങ്ങി ചേരുന്ന കയറിന് പ്രളയത്തെ അതിജീവിക്കാനും മണ്ണിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തികൊണ്ട് മനുഷ്യന് മികച്ചൊരു ജീവിത സാഹചര്യം ഒരുക്കിനല്‍കാനും സാധിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു .

 

 1.5 ലക്ഷത്തോളം ആളുകള്‍ കയര്‍ വ്യവസായത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നുണ്ട്. മറ്റ് ഫൈബറുകളെ അപേക്ഷിച്ച് ഏറെക്കാലം ഈടുനില്‍ക്കുന്ന കയറിന്   ഇന്ത്യയിലുടനീളം വിപണന സാധ്യത നേടിയെടുക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന്  കയര്‍ഫെഡ്  മാനേജിങ് ഡയറക്ടര്‍ സി. സുരേഷ് പറഞ്ഞു.

 

  കയര്‍ ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതിക വശങ്ങളെ കുറിച്ചു കയര്‍ഫെഡ് ജനറല്‍ മാനേജര്‍ ബി. സുനില്‍ സെമിനാറില്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന്  തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സംയോജിത പദ്ധതിയുടെ  സാധ്യതകളെപ്പറ്റി   ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍  ഡോ . ടി. ഷാജി സംസാരിച്ചു.

 

കയര്‍ഫെഡ് പ്രസിഡന്റ് എന്‍.സായികുമാര്‍ അധ്യക്ഷത വഹിച്ച  സെമിനാറില്‍  കയര്‍ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, എം.ജി.എന്‍.ആര്‍.ഇ.എസ് ഉദ്യോഗസ്ഥര്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു .

date