Skip to main content

പൊതുജനങ്ങളെ പൊതുമരാമത്ത് വകുപ്പിന്റെ കാവൽക്കാരാക്കും: മന്ത്രി മുഹമ്മദ് റിയാസ് 

 

   എറണാകുളം:  സംസ്ഥാനത്തെ എല്ലാ റോഡുകളിലും നിർമാണം നടത്തിയ കോൺട്രാക്ടർ, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കുമെന്ന്   പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയെ ജില്ലാ ആസ്ഥാനമായ കാക്കനാടുമായി ബന്ധിപ്പിക്കുന്ന മഞ്ചേരിക്കുഴി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

  പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ ഡിഫക്ട് ലയബലിറ്റി പിരീഡ് (ഡി.എൽ.പി) ജനങ്ങളെ അറിയിക്കുന്നതിനായി വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളിൽ ജനങ്ങളുടെ സജീവ ഇടപെടൽ ഉറപ്പാക്കുന്നതിനായാണ് ഇത്തരം നടപടികൾ. 

   സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ   പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കും. ജനങ്ങള കാഴ്ച്ചക്കാരാക്കാതെ കാവൽക്കാരാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

  പി.വി ശ്രീനിജൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ അശോകൻ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് നിതാമോൾ എം. വി, വൈസ് പ്രസിഡന്റ് റോയി ഔസേഫ് ഓളങ്ങാടൻ, ജില്ലാ പഞ്ചായത്തംഗം ലിസ്സി അലക്സ്, വടവുകോട് ബ്ലോക്ക് പഞ്ചായത്തംഗം അനു അച്ചു, തൃക്കാക്കര നഗരസഭാംഗം അനിത ജയചന്ദ്രൻ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ പി.കെ മിനി, എക്സി. എഞ്ചിനീയർ റെജീന ബീവി എൻ.എ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പീയൂസ് വർഗ്ഗീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.വി വാസു, ജിഷാന്ത് പദ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.

date