Skip to main content

രാജ്യാന്തര യോഗാ ദിനാചരണം: സമൂഹ യോഗാ പരിശീലനവും യുവജന കണ്‍വെന്‍ഷനും നടത്തി

രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ സംഘടിപ്പിച്ച സമൂഹ യോഗാ പരിരീലനവും ജില്ലാ യുവജന കണ്‍വെന്‍ഷനും ജില്ലാ കളക്ടര്‍ അമിത് മിണ ഉദ്ഘാടനം ചെയ്തു. ശാരീരിക ക്ഷമതക്കും മാനസികാരോഗ്യത്തിനും യോഗ ഒരു ജീവിതചര്യയാക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍ അദ്ധ്യക്ഷയായി.
തുടര്‍ന്ന് നടന്ന യോഗാ പരിശീലനത്തില്‍ നൂറ് കണക്കിന് യുവജനങ്ങള്‍ പങ്കെടുത്തു. ജില്ലാ കളക്ടും മറ്റ് അഥിതികളും യുവജനങ്ങള്‍ക്കൊപ്പം യോഗാ പരിശീലനത്തില്‍ പങ്കാളികളായി. യോഗാ ഇന്‍സ്ട്രക്ടര്‍മാരായ പി.മോഹന്‍ദാസ്, മിനി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. വിവിധ ക്ലബ് പ്രവര്‍ത്തകര്‍ക്കൊപ്പം മലപ്പുറം ഗവ. കോളേജ്, ഗവ. വനിതാ കോളേജ്, മേല്‍മുറി പ്രിയദര്‍ശിനി കോളേജ്, കൊണ്ടൊട്ടി ഇ.എം.ഇ.എ കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍.എസ്.എസ് വോളണ്ടിയര്‍മാരും പങ്കെടുത്തു. സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പിനുള്ള ഓറിയന്റേഷനും നടന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ്, വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, റിട്ട. ആയുര്‍വ്വേദ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.വി സത്യനാഥന്‍, ശുചിത്വ മിഷന്‍ ജില്ലാ പ്രോ ഗ്രാം ഓഫീസര്‍ പി.വി ജ്യോതിഷ്, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോ ഗ്രാം ഓഫീസര്‍ മൊയ്തീന്‍ കുട്ടി കെ.കല്ലറ, കെ.പി.എ ഹസീന, ടി. കൃഷ്ണപ്രിയ, പി.കെ നാരായണന്‍ മാസ്റ്റര്‍, പി. അസ്മാബി എന്നിവര്‍ പ്രസംഗിച്ചു. ഡോ. സി.വി സത്യനാഥനെ കളക്ടര്‍ ഷാര്‍ അണിയിച്ച് ആദരിച്ചു.
ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ നടത്തിയ യോഗദിനാചരണം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പല്‍ എപി ജ്യോതിഷ്, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍കുമാര്‍, കായികാധ്യാപകന്‍ പി പ്രമോദ് എന്നിവര്‍ സംസാരിച്ചു. ഡോ. ജുബൈര്‍ ഗുരുക്കള്‍ വിദ്യാര്‍ഥികളെ യോഗ പരിശീലിപ്പിച്ചു.

 

date