അങ്കണവാടികൾക്ക് ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു
എറണാകുളം : വൈപ്പിൻ ബ്ലോക്കിന് കീഴിലെ പള്ളിപ്പുറം പഞ്ചായത്ത് 10, 11, 12 വാർഡിലെ അങ്കണവാടികളിൽ ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. ജയൻ ഉദ്ഘാടനം ചെയ്തു. 10-ാം വാർഡിലെ പണ്ഡിറ്റ് കറുപ്പൻ , 11-ാം വാർഡിലെ അമ്പാടി, 12-ാം വാർഡിലെ ഗായത്രി അങ്കണവാടികളിലാണ് ശിശുസൗഹൃദ പച്ചക്കറിതോട്ടം ആരംഭിച്ചത്.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതി 2021ന്റെ ഭാഗമായാണ് അങ്കണവാടികൾക്ക് ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളിൽ ചെറുപ്രായം മുതൽ തന്നെ കൃഷിയിൽ താല്പര്യം വളർത്തുന്നതിനും ജൈവ കൃഷിരീതികൾ പ്രചരിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വാർഡ് മെമ്പർമാരായ സുമ ബാബു ,അജിത, പ്രസീത ബാബു അങ്കണവാടി അദ്ധ്യാപകരായ ഷിംല , ലീന, ഷൈന എന്നിവർ സന്നിഹിതരായിരുന്നു.
- Log in to post comments