Skip to main content

ഇ-ശ്രം രജിസ്ട്രേഷൻ: കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം

 

 എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് കുടുംബശ്രീ അംഗങ്ങളെ ചേർക്കുന്നതിന്  കുടുംബശ്രീ പ്രവർത്തകർക്കുള്ള പരിശീലനപരിപാടി ജില്ലാ ലേബർ ഓഫീസർ പി.എം.ഫിറോസ് ഉത്ഘാടനം ചെയ്തു. 

ദേശീയ തലത്തിൽ അസംഘടിത തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴിൽ കാർഡ് നൽകുന്നതിനുമായാണ് ഇ- ശ്രം രജിസ്ട്രേഷൻ. 

ഈ മാസം 20 മുതൽ അടുത്ത മാസം 20 വരെ തൊഴിലാളികൾക്കിടയിൽ  രജിസ്ട്രേഷന്‍ നടപടികള്‍ സാധ്യമാക്കുന്നതിനുള്ള കർമപദ്ധതികൾക്ക് രൂപം നൽകാൻ 
ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിൻ്റെ 
ഭാഗമായാണ് ലക്ഷകണക്കിന് കുടുംബശ്രീ അംഗങ്ങളെ പദ്ധതിയിൽ ചേർക്കുന്നത്.

ചിയാക് ഡി പി എം അജാസ് രജിസ്ട്രേഷൻ നടപടികൾ വിശദീകരിച്ചു. കുടുംബശ്രീ ജില്ല മിഷൻ ഉദ്യോഗസ്ഥരും പങ്കെടുത്തു. ട്രേഡ് യൂണിയൻ ഭാരവാഹികൾക്കും വ്യാപാര സംഘടന പ്രതിനിധികൾക്കും നേരത്തേ പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

date