Skip to main content

പോക്‌സോ ബോധവത്കരണം ഇഞ്ച സിനിമാ ഗാനം പുറത്തിറക്കി

ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി  പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ  നിര്‍മ്മിച്ച ഇഞ്ച സിനിമയുടെ ഗാനം പുറത്തിറക്കി. കല്‍പ്പറ്റ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ജഡ്ജും സംസ്ഥാന നിയമ സേവന അതോറിറ്റി ചെയര്‍മാനുമായ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനാണ് ഗാനം പുറത്തിറക്കിയത്.  
 
ഗോത്രവിഭാഗങ്ങളില്‍ ആചാര പ്രകാരമുള്ള വിവാഹം അനുവദനീയമെന്ന നിലയില്‍ പലപ്പോഴും വിവാഹസമയത്ത് വധൂവരന്മാരുടെ നിയമ പ്രകാരമുള്ള പ്രായ പരിധിയെപ്പറ്റി ബോധവാന്മാരല്ലാത്തതിനാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും വിവാഹിതരാകുന്ന സാമൂഹിക സാഹചര്യം നിലവിലുണ്ട്. ഇത്തരം വിവാഹങ്ങള്‍ക്ക് ശേഷം ഗര്‍ഭിണികളാകുന്ന ഗോത്രവിഭാഗത്തില്‍പ്പെട്ട  പെണ്‍കുട്ടികളുടെ  ചികിത്സാവശ്യാര്‍ത്ഥം ആശുപത്രികളെ സമീപിക്കുന്ന സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി എന്ന പ്രശ്‌നം നിയമാനുസരണം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് പോക്‌സോ കേസില്‍ പെട്ട് പെണ്‍കുട്ടികളുടെ ഭര്‍ത്താക്കന്മാര്‍ ജയിലിലാകുന്ന സാഹചര്യവും നിലനില്‍ക്കുന്നു. ഇത്തരം സാഹചര്യങ്ങളെക്കുറിച്ചും പോക്‌സോ നിയമത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തേണ്ട ആവശ്യകതെയെക്കുറിച്ചും  വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ട് കേരള ഹൈക്കോടതി  റിട്ട് ഹര്‍ജിയായി പരിഗണിച്ചത് നിലവിലുള്ളതുമാണ്.  ഗോത്ര വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് സാധാരണ രീതിയിലുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നല്കുന്നതിനും   മനസ്സിലാക്കിയെടുക്കുന്നതിന് അവര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ്    ബോധവല്‍ക്കരണത്തിനായി ഒരു സിനിമ  വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി നിര്‍മ്മിച്ചത്.

ജില്ലാ നിയമ സേവന സമിതിയുടെ നേതൃത്വത്തില്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ നിയമ ഗോത്രം എന്ന നിയമ പ്രവേശന  പരീക്ഷാ പരിശീലനത്തില്‍ പങ്കെടുത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍  അനുമോദിക്കുകയും അവര്‍ക്ക് ലാപ് ടോപ്, ഇന്റര്‍നെറ്റ് മോഡം, ഉപഹാരങ്ങള്‍ എന്നിവ വിതരണം ചെയ്യുകയും ചെയ്തു. ജില്ലയില്‍ നിയമഗോത്രം പദ്ധതിക്ക് തുടക്കമിട്ട മുന്‍ ജില്ലാ ജഡ്ജും, മുന്‍ നിയമ സേവന സമിതി ചെയര്‍മാനുമായ  ഡോ. വി വിജയകുമാറിനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ സെഷന്‍സ് ജഡ്ജിയുമായ എ.ഹാരിസ്, സംസ്ഥാന നിയമ സേവന സമിതി ചെയര്‍മാനും ജില്ലാ ജഡ്ജുമായ കെ.ടി നിസ്സാര്‍ അഹമ്മദ് , ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, അഡീഷണല്‍ ജില്ലാ ജഡ്ജ്  എം.വി രാജകുമാര, കല്‍പ്പറ്റ സി.ജെ.എം  ഹരിപ്രിയ പി നമ്പ്യാര്‍, ജില്ലാ നിയമ സേവന സമിതി സെക്രട്ടറി കെ രാജേഷ്, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി കെ ദിനേഷ് കുമാര്‍, ഐ ടി ഡി പി പ്രൊജക്റ്റ് ഓഫിസര്‍ കെ സി ചെറിയാന്‍,   സംവിധായകന്‍ ഭാസ്‌കരന്‍ ബത്തേരി   എന്നിവര്‍ സംസാരിച്ചു.
 

 

date